'സല്യൂട്ട് വേണോ?'; കൗതുകമുള‌ള പോസ്റ്റിലും സുരേഷ്ഗോപിയ്‌ക്ക് നേരെ ട്രോൾ ആക്ഷേപം

Wednesday 15 September 2021 11:47 PM IST

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഗർഭിണിയായ യുവതിയുടെ വയറിൽ തലോടിയ സുരേഷ് ഗോപി എം.പിയുടെ ചിത്രം മുൻപ് വൈറലായിരുന്നു. അന്ന് അതിനെതിരെയും അനുകൂലിച്ചും ധാരാളം പ്രതികരണങ്ങളുണ്ടായി. ഇന്ന് അതേ യുവതി കുഞ്ഞുമായി താരത്തിനെ നോക്കി നിൽക്കുന്ന ചിത്രത്തിന് നേരെയും വ്യാപക ട്രോൾ മേളം.

ഒല്ലൂരിൽ ആദിവാസി ഊര് സന്ദർശനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനോട് സല്യൂട്ടിനെ കുറിച്ച് താരം സംസാരിച്ചത് വിവാദമായ സാഹചര്യത്തിൽ അതുമായി ചേർത്താണ് കൗതുകമുണർത്തുന്ന പോസ്‌റ്റിലും ജനങ്ങൾ ട്രോളുന്നത്. ഗുഡ്‌വിൽ എേന്റർടെയ്ൻമെന്റ്സിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് ഇത്തരം പ്രതികരണങ്ങൾ.

'ഇവിടേക്ക് വരാൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് പൊലീസുകാരനെ വിളിച്ച് സല്യൂട്ട് അടിപ്പിച്ചത്', 'ഒന്ന് സല്യൂട്ട് ചെയ്തേക്ക്', എന്നും 'സല്യൂട്ട് വേണോ?' എന്നെല്ലാം കമന്റുകളായി വരുന്നുണ്ട്. എന്നാൽ അതോടൊപ്പം താരത്തെ അനുകൂലിച്ചും നിരവധി കമന്റുകളുണ്ട്. സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണെന്നും മറ്റ് നല്ല വാക്കുകളും ആരാധകർ കമന്റ് ചെയ്‌തിട്ടുണ്ട്.