ബി.ഡി.ജെ.എസ് പിന്തുണയോടെ കരുണാപുരം പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം പിടിച്ചു

Thursday 16 September 2021 1:46 AM IST

കട്ടപ്പന: കരുണാപുരം ഗ്രാമപഞ്ചായത്തിൽ ബി.ഡി.ജെ.എസ് സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് ഭരണം പിടിച്ചു. പ്രസിഡന്റായി കോൺഗ്രസിലെ മിനി പ്രിൻസും വൈസ് പ്രസിഡന്റായി ബി.ഡി.ജെ.എസ് സ്വതന്ത്രനായ പി.ആർ. ബിനുവും തിരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് ഇരുവരുടെയും വിജയം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിനി പ്രിൻസിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് മുൻ പ്രസിഡന്റ് കൂടിയായ വിൻസി വാവച്ചനാണ്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്വതന്ത്രൻ പി.ആർ. ബിനുവിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിർദേശിക്കുകയായിരുന്നു. മുൻ വൈസ് പ്രസിഡന്റ് കെ.ടി. സാലിയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫും എൻ.ഡി.എയും തമ്മിലുള്ള കൂട്ടുകെട്ട് പുറത്തായതായി ആരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ വൈസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് അംഗങ്ങൾ കഴിഞ്ഞ മാസം കൊണ്ടുവന്ന അവിശ്വാസപ്രമേയം ബി.ഡി.ജെ.എസ് അംഗത്തിന്റെ പിന്തുണയോടെയാണ് പാസായത്. പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. പ്രദേശത്ത് സംഘർഷസാദ്ധ്യത ഉടലെടുത്തതോടെ പഞ്ചായത്ത് ഓഫീസിന് പൊലീസ് കാവൽ ഏർപ്പെടുത്തി.

Advertisement
Advertisement