ലക്ഷ്യമിട്ടത് മുംബയിൽ നടന്നതിനെക്കാൾ പതിന്മടങ്ങ്  ശക്തിയുള്ള  ഭീകരാക്രമണത്തിന്, പരിശീലനം കിട്ടിയത് കസബിനെ പരിശീലിപ്പിച്ച അതേ കേന്ദ്രത്തിൽ നിന്ന്, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Thursday 16 September 2021 11:50 AM IST

ന്യൂഡൽഹി: കഴിഞ്ഞദിവസം ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അറസ്റ്റുചെയ്ത ഭീകരർ പദ്ധതിയിട്ടിരുന്നത് 2008 ൽ മുംബയിൽ നടന്നതിനെക്കാൾ പതിന്മടങ്ങ് ശക്തിയുള്ള ഒരു ഭീകരാക്രമണത്തിന്. ഏറ്റവും വിനാശകരമായ ആക്രമണം നടത്തുന്നതിനുവേണ്ടിയുള്ള പ്രത്യേക പരിശീലനവും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവർക്ക് പാകിസ്ഥാൻ നൽകിയിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 2008ൽ മുംബയിലെ പ്രധാന സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. എന്നാൽ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താനാണ് പിടിയിലായ ഭീകരർക്ക് നിർദ്ദേശം നൽകിയിരുന്നത്.

മഹാരാഷ്‌ട്ര സ്വദേശി ജാൻ മുഹമ്മദ് അലി ഷെയ്‌ക്ക് (മുംബയ് - 47), ഡൽഹി ജാമിയ സ്വദേശി ഒസാമ (22) , ഉത്തർപ്രദേശ് സ്വദേശികളായ സീഷാൻ ഖ്വാമർ (പ്രയാഗ്‌രാജ് - 28 ), മുഹമ്മദ് അബൂബക്കർ (ബഹ്റൈച്ച് - 23 ), മൂൽചന്ദ് എന്ന ലാല ( റായ്ബറേലി - 47 ), മുഹമ്മദ് ആമിർ ജാവേദ് (ലക്‌നൗ - 31 ) എന്നിവരാണ് പിടിയിലായത്. ഇതിൽ സിഷാനും ഒസാമയും പാകിസ്ഥാനിൽ നിന്ന് പരീശീലനം ലഭിച്ചവരാണ്. മുംബയ് ഭീകരാക്രമണത്തിൽ ഇന്ത്യയുടെ പിടിയിലായ ഭീകരൻ അജ്മൽ കസബിന് പരീശീലനം നൽകിയ അതേ കേന്ദ്രത്തിൽ നിന്നാണ് ഇവർക്കും പരിശീലനം ലഭിച്ചത്.

അവസാന ശ്വാസം നഷ്ടമാകുന്നതുവരെ ഇന്ത്യക്കാരെ കൊല്ലാൻ തനിക്ക് പാകിസ്ഥാൻ നിർദ്ദേശം നൽകിയിരുന്നു എന്നാണ് പിടിയിലാകുമ്പോൾ അജ്മൽ കസബ് പറഞ്ഞത്. അതേ രീതിയിലാണ് സിഷാനും ഒസാമയ്ക്കും പരീശീലനം നൽകിയിരുന്നത്. അത്യന്താധുനിക ആയുധങ്ങൾ ഉപയോഗിക്കാനും മാരകമായ സ്ഫോടക വസ്തുക്കൾ ഉണ്ടാക്കാനും ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു. ആയിരക്കണക്കിന് പേരെ കൊന്നൊടുക്കാൻ കഴിയുന്ന തരത്തിലുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനാണ് ഇവർക്ക് പാക് ചാര സംഘടന നൽകിയിരുന്ന നിർദ്ദേശം. അതുകൊണ്ടാണ് ഉത്സവ ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടതും. കഴിഞ്ഞ ഏപ്രിലിൽ മസ്‌കറ്റിൽ എത്തിയ ഇവർ അവിടെ നിന്ന് ബോട്ടിൽ പാകിസ്ഥാനിലേക്ക് പരിശീലനത്തിനായി പോവുകയായിരുന്നു. പാക് സൈനികരാണ് പരിശീലനം നൽകിയത്.ആക്രമണ കേന്ദ്രങ്ങൾ നിരീക്ഷിച്ച് ബോംബുകൾ സ്ഥാപിക്കുകയായിരുന്നു ഇവരുടെ ദൗത്യം.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമാണ് ഇവർക്ക് വേണ്ട ഒത്താശകൾ ചെയ്തത്. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിമിനായിരുന്നു ഒരു സംഘത്തിന്റെ ചുമതല. ഷെയിക്കും മൂൽചന്ദും ഉൾപ്പെടുന്ന ഈ സംഘത്തിന് അതിർത്തി വഴി ആയുധങ്ങൾ കടത്തി ഒളിപ്പിക്കാനും. ഹവാല പണം സംഘടിപ്പിക്കാനുമുള്ള ചുമതലയായിരുന്നു. ഭീകരാക്രമണത്തിനുള്ള ആസൂത്രണവും ഏകോപനവും അതിർത്തിക്കപ്പുറത്തുള്ളവരാണ് നടത്തിയിരുന്നത്.