ആറു മാസത്തിനുള്ളിൽ ഇന്ത്യയിൽ കൊവിഡ് എൻഡെമിക്ക് ഘട്ടത്തിലേക്ക് കടക്കുമെന്ന് ആരോഗ്യവിദഗ്‌ദ്ധർ

Thursday 16 September 2021 12:40 PM IST

ന്യൂ‌ഡൽഹി: അടുത്ത ആറു മാസത്തിനുള്ളിൽ ഇന്ത്യയിൽ കൊവിഡ് എൻഡെമിക്ക് വിഭാഗത്തിലേക്ക് കടക്കുമെന്ന് ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ തലവൻ ഡോ സുജീത് സിംഗ്. നിലവിൽ രോഗം പാൻഡമിക്ക് (മഹാമാരി) ഘട്ടത്തിലാണ്. ഇനി പുതിയൊരു വകഭേദം കൂടി രൂപപ്പെട്ടാലും രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന് സാദ്ധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു പ്രദേശത്തെ ബഹുഭൂരിപക്ഷം ആൾക്കാരും രോഗം വന്നശേഷം സ്വാഭാവികമായി രോഗപ്രതിരോധ ശേഷി കൈവരിക്കുന്ന അവസ്ഥയെയാണ് എൻഡെമിക് ഘട്ടം എന്ന് പറയുന്നത്. കൊവിഡ് മഹാമാരി നമ്മുടെ എല്ലാ കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും തെറ്റിച്ചു കൊണ്ടാണ് കടന്നുപോകുന്നതെങ്കിലും ആറു മാസത്തിനുള്ളിൽ എൻഡെമിക്ക് ഘട്ടം പൂർത്തിയാക്കുമെന്ന് ഡോ സുജീത് സിംഗ് ഒരു ടെലിവിഷൻ ചർച്ചയിൽ അഭിപ്രായപ്പെട്ടു.

രോഗം എൻഡെമിക്ക് ഘട്ടത്തിലെത്തി കഴിഞ്ഞാൽ പിന്നെ അതിനെ ചികിത്സിക്കാൻ കുറച്ചു കൂടി എളുപ്പമായിരിക്കുമന്നും നിലവിൽ കൊവിഡിനെ നേരിടാനുള്ള ഏറ്റവും മികച്ച മാർഗം വാക്സിനേഷൻ തന്നെയാണെന്നും അദ്ദേഹം വിലയിരുത്തി. ഒരു ഡോസ് വാക്സിൻ എടുത്തവർക്കു പോലും 30 ശതമാനത്തോളം രോഗപ്രതിരോധ ശേഷി ലഭിക്കുന്നുണ്ടെന്നും രാജ്യത്തെ മുഴുവൻ ആൾക്കാരും വാക്സിനേഷൻ എടുത്തുകഴിഞ്ഞാൽ കൊവിഡിനെ പിന്നെ ഭയക്കേണ്ട ആവശ്യമുണ്ടാകില്ലെന്നും സുജീത് സിംഗ് അഭിപ്രായപ്പെട്ടു.