കേരളത്തിലെ എംപി എന്ന് പറഞ്ഞാൽ ഏതു സംസ്ഥാനത്ത് ചെന്നാലും ചാടി ഏണീറ്റ് സല്ല്യൂട്ട് ആണ്, എത്ര കോടികളുണ്ടെങ്കിലും ആ സുഖം കിട്ടില്ലെന്ന് ഇന്നസെന്റ്

Thursday 16 September 2021 1:29 PM IST

എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിയുടെ നടപടി വിവാദമായിരിക്കുകയാണ്. താനൊരു എം.പിയാണ്; മേയറല്ലെന്നും, ഒരു സല്യൂട്ടൊക്കെ ആവാം എന്നുമാണ് എസ്ഐയോട് വിളിച്ചു വരുത്തി പറഞ്ഞത്. ആ ശീലമൊന്നും മറക്കരുതെന്ന് ഓർമ്മിപ്പിച്ച സുരേഷ് ഗോപിക്ക് എസ്ഐ ഉടൻ തന്നെ സല്യൂട്ട് നൽകുകയും ചെയ‌്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാദ്ധ്യങ്ങളിൽ സുരേഷ് ഗോപി നിറഞ്ഞു.

എന്നാൽ പൊലീസ് ചട്ടപ്രകാരം കേരളത്തിൽ ജനപ്രതിനിധിക്ക് പൊലീസിന്റെ സല്യൂട്ട് അവകാശമല്ല, പ്രത്യേക പരിഗണന മാത്രമാണെന്ന വാദവുമായി ഒരു വിഭാഗം എത്തി. ചട്ടം അതാണെങ്കിലും എംപിമാർ അടക്കമുള്ള ജനപ്രതിനിധികൾക്ക് സല്യൂട്ട് നൽകുന്നത് ഒരു കീഴ്‌വഴക്കമാണെന്ന അഭിപ്രായവുമായി സുരേഷ് ഗോപി അനുകൂലികളും രംഗം കൊഴുപ്പിക്കുകയാണ്.

ഇപ്പോഴിതാ മുൻ എംപിയും നടനുമായ ഇന്നസെന്റിന്റെ അഭിപ്രായം വൈറലാവുകയാണ്. സുരേഷ് ഗോപി വിവാദം ഉടലെടുക്കുന്നതിന് മുമ്പ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സല്യൂട്ടിനെ കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമർശം. എംപിമാർ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന പരിഗണനയെ കുറിച്ചാണ് ഇന്നസെന്റ് വാചാലനായത്.

'ഈ സ്ഥാനം വിടണമെന്ന് അധികമാൾക്കാർക്ക് തോന്നില്ല. എംപി എന്ന ബോർഡ് വച്ച് കാശ്‌മീര് വരെ പോയാലും പോകുന്നിടത്തെല്ലാം പൊലീസ് സല്യൂട്ട് ചെയ്യും. അതൊക്കെ വലിയൊരു സംഭവമാണ്. കൈയിൽ കോടികളുണ്ടെന്ന് പറഞ്ഞാലും ഇങ്ങനെ ഒരു സൗകര്യം നമുക്ക് കിട്ടണമെന്നില്ല. നമ്മൾ ആളെ നിറുത്തേണ്ടി വരും. കേരളത്തിലെ എംപി എന്ന് പറഞ്ഞാൽ ഏതു സംസ്ഥാനത്ത് ചെന്നാലും ചാടി ഏണീറ്റ് സല്ല്യൂട്ട് ആണ്. ഇതൊക്കെ കിട്ടികഴിയുമ്പോഴാണ് ഒന്നുകൂടി മത്സരിച്ചാലോ എന്ന് തോന്നുന്നത്'.

Advertisement
Advertisement