എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി

Thursday 16 September 2021 2:59 PM IST

വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ചവർക്ക് ശക്തമായ ഭാഷയിൽ തിരിച്ചടി നൽകി ഗായിക സയനോര. സമൂഹമാദ്ധ്യമങ്ങളിൽ അടുത്തിടെ പങ്കുവച്ച ഡാൻസ് വിഡിയോയിൽ ഗായികയുടെ വസ്ത്രം ചൂണ്ടിക്കാട്ടിയാണ് സദാചാരവാദികൾ കമന്റ് ബോക്സിലെത്തിയത്. അടുത്ത സുഹൃത്തുക്കളും താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം ചുവടുവച്ചതിന്റെ വിഡിയോ ആണ് സയനോര കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ പോസിറ്റീവ് കമന്റുകളാണധികവും എങ്കിലും ഫേസ്ബുക്കിൽ അത് സമ്മിശ്രമായിരുന്നു. വിഡിയോയിൽ ഷോട്സ് ധരിച്ചായിരുന്നു സയനോരയും മൃദുല മുരളിയും നൃത്തം ചെയ്തത്. ഇരുവരുടെയും വസ്ത്രധാരണത്തെ മോശം ഭാഷയിൽ വിമർശിച്ചവരും ലൈംഗികച്ചുവയോടെ പ്രതികരിച്ചവരും ബോഡി ഷെയ്‍മിംഗ് നടത്തിയവരും കമന്റ് ബോക്സിലുണ്ടായിരുന്നു.

എന്നാലിപ്പോൾ വിമർശകർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് സയനോര രംഗത്തെത്തിയിരിക്കുന്നത്. ഡാൻസ് വീഡിയോയിൽ ധരിച്ച അതേ വേഷത്തിലുള്ള മറ്റൊരു ചിത്രം പങ്കുവച്ചാണ് സയനോര പ്രതിഷേധിച്ചത്. ‘കഹി ആഗ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പിനൊപ്പം എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്ന ഹാഷ്ടാ​ഗോടെയാണ് ഗായിക ചിത്രം പങ്കുവച്ചത്. സയനോരയുടെ ‘പ്രതിഷേധ പോസ്റ്റ്’ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളുൽ ചർച്ചയായിക്കഴി‍ഞ്ഞു. മൃദുല മുരളി, റിമി ടോമി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രഞ്ജിനി ജോസ് തുടങ്ങി നിരവധി പേർ ഗായികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.