സെമി ഹൈസ്പീഡ് റെയിൽ പദ്ധതി: സ്ഥലമെടുപ്പിന് അതിവേഗം

Thursday 16 September 2021 9:20 PM IST

അക്വിസിഷന് കണ്ണൂരിൽ ഓഫീസ് ,​ സ്ഥലമെടുപ്പ് ഡിസംബറിൽ

കണ്ണൂർ: കേരളത്തിന്റെ സ്വപ്നപദ്ധതിയായ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയായ കെ റെയിലിന്റെ സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നു. നടപടികൾ വേഗത്തിലാക്കാൻ ലാൻ‌ഡ് അക്വിസിഷൻ ഓഫീസ് കണ്ണൂരിൽ തുടങ്ങും. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓഫിസുകൾ ഇതിനകം ആരംഭിച്ചു. സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിരവധിപേരാണ് കുടിയൊഴുപ്പിക്കപ്പെടുന്നത്. 15 മുതൽ 20 മീറ്റർ വീതിയിലാണ് ഭൂമിയേറ്റെടുക്കൽ. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാതക്കെതിരെ പ്രതിഷേധവും ശക്തമാണ്.

ജില്ലയിലെ സഞ്ചാരപഥത്തിന്റെ അന്തിമരൂപരേഖയിൽ ഏതാണ്ട് നിലവിലെ പാതക്ക് സമാന്തരമായാണ് അതിവേഗപാതയും കടന്നുപാകുന്നത്. പാത കടന്നുപോകുന്ന മേഖലകളിൽ നിരവധി വീടുകളും കെട്ടിടങ്ങളുമുണ്ട്. എടക്കാട് അടക്കമുള്ള പ്രദേശങ്ങളിൽ റെയിൽ പാതയും ദേശീയപാതയും തമ്മിൽ ചുരുങ്ങിയ അകലം മാത്രമാണുള്ളത്.

കോറിഡോർ കടന്നുപോകുന്ന സ്ഥലങ്ങളെ മറ്റു റെയിലുകൾ വഴി ഹൈസ്പീഡ് പാതയുമായി ബന്ധിപ്പിച്ച് സ്‌മാർട്ട് ടൗൺഷിപ്പുകളാക്കാനും പദ്ധതിയുണ്ട്.11 ജില്ലകളിലായി 1226 ഹെക്ടർ ഭൂമിയാണ് പാതയ്ക്കായി ഏറ്റെടുക്കേണ്ടത്. സംസ്ഥാനത്ത് 529.45 കി.മീ ദൂരത്തിലാണ് പാതകടന്നുപോകുക.

അതിവേഗ റെയിൽ കോറിഡോർ

ചെലവ് 66,405 കോടി

റൂട്ട് കാസർകോട് - കൊച്ചുവേളി

4 മേഖലകൾ

532 കിലോ മീറ്റർ

ഭൂമി ഏറ്റെടുക്കാൻ 7,720 കോടി

2024ൽ പൂർത്തിയാകും

സ്റ്റോപ്പുകൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, തൃശൂർ, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, കൊച്ചുവേളി


കാസർകോട് -തിരുവനന്തപുരം നാലുമണിക്കൂർ
അതിവേഗപാത യാഥാർത്ഥ്യമാകുന്നതോടെ കാസർകോട് നിന്ന് നാലരമണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്താം. ജില്ലയിൽ കണ്ണൂരിൽ മാത്രമാണ് സ്‌റ്റോപ്പ്. നിലവിലെ റെയിൽവേ സ്‌റ്റേഷന് കിഴക്കുഭാഗത്താവും അതിവേഗപാതയുടെ സ്റ്റേഷൻ. തലശ്ശേരിയിൽ നിലവിലെ സ്‌റ്റേഷന്റ പടിഞ്ഞാറുമാറിയാണ് പാത. മുഴപ്പിലങ്ങാട് ഭാഗത്തെത്തുമ്പാൾ നിലവിലെ പാതയോട് ചേർന്നാവും സഞ്ചാരം. കണ്ണൂരിൽ കിഴക്കുമാറി പയ്യന്നൂർ ഭാഗത്തേക്ക് സഞ്ചരിക്കും. വളപട്ടണം പുഴക്ക് പുതിയ പാലം നിർമിക്കും. പഴയങ്ങാടി ടൗണിന്റെ കിഴക്കുമാറി പോകുന്ന പാത കൊവ്വപ്പുറത്ത് നിലവിലെ പാതക്കൊപ്പംചേർന്ന് കാസർകോട് ജില്ലയിലേക്ക് കടക്കും.

Advertisement
Advertisement