ത്രിപുര സി.പി.എം സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് അന്തരിച്ചു

Friday 17 September 2021 12:42 AM IST

അഗർത്തല: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും ത്രിപുര സംസ്ഥാന സെക്രട്ടറിയുമായ ഗൗതം ദാസ് അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിച്ച് മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ആറിന് എയർ ആംബുലൻസിൽ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ബുധനാഴ്ച കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് ജനറൽ വാർഡിലേക്ക് മാറ്റി. എന്നാൽ ആരോഗ്യനില വഷളായതോടെ രാത്രി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെ അന്ത്യം സംഭവിച്ചു.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഗൗതംദാസ് സി.പി.എമ്മിലെത്തുന്നത്. 1968ൽ പാർട്ടി അംഗമായി. 1985ൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായി. 1994ൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018ൽ പാർട്ടി സെക്രട്ടറിയായി. 2015ലാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ത്രിപുരയിൽ 1979ൽ ആരംഭിച്ച പാർട്ടിയുടെ മുഖപത്രമായ ഡെയ്ലി ദേശർകഥയുടെ സ്ഥാപക പത്രാധിപരായിരുന്നു. 2015വരെ ചീഫ് എഡിറ്റർ പദവി വഹിച്ചു. അക്കാലത്താണ് ത്രിപുരയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായി ദേശർകഥ മാറിയത്. അഗർത്തല പ്രസ് ക്ലബ് സ്ഥാപക അംഗങ്ങളിലൊരാളാണ്. ത്രിപുര സംസ്കൃതി സമന്വയ കേന്ദ്രത്തിന്റെ സ്ഥാപകനായ അദ്ദേഹം സാംസ്കാരിക രംഗത്തും സജീവസാന്നിദ്ധ്യമായിരുന്നു. സംഘടനാപ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധപുലർത്തിയിരുന്ന അദ്ദേഹം ഒരിക്കലും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നില്ല. ഭാര്യ: തൃപ്തി സെൻ, മകൾ: സ്വഗത.

ഗൗതം ദാസിന്റെ വിയോഗത്തിൽ സി.പി.എം പൊളിറ്റ് ബ്യൂറോയും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബും അനുശോചനം രേഖപ്പെടുത്തി.

Advertisement
Advertisement