കൊവിഡ് ബൂസ്റ്റർ ഡോസ് തത്ക്കാലം ഇല്ല: ഐ.സി.എം.ആർ

Friday 17 September 2021 12:00 AM IST

ന്യൂഡൽഹി: കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് പരിഗണനയിലില്ലെന്നും രണ്ട് ഡോസ് വാക്സിൻ നൽകുന്നതിനാണ് മുൻഗണനയെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.

വാക്സിൻ സ്വീകരിച്ച് മൂന്നോ നാലോ മാസങ്ങൾ കഴിയുമ്പോൾ ശരീരത്തിൽ ആന്റിബോഡിയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുന്നതായും, ബൂസ്റ്റർ ഡോസ് നൽകണമെന്നും ഐ.സി.എം.ആർ ഭുവനേശ്വർ സെന്ററിന്റെ പഠന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

എന്നാൽ കൊറോണ വൈറസിനെതിരായ സംരക്ഷണം വർദ്ധിപ്പിക്കുന്നതിന് ബൂസ്റ്റർ ഷോട്ട് എന്ന് വിളിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്സിൻ ഷോട്ടിന്റെ ആവശ്യകതയെക്കുറിച്ച് ഇപ്പോൾ ഇന്ത്യയ്ക്ക് മതിയായ ഡാറ്റ ഇല്ല. ബൂസ്റ്റർ ഡോസ് തൽക്കാലം ആവശ്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. ബൂസ്റ്റർ ഡോസിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും അതിന് കുറച്ച് മാസങ്ങൾ എടുക്കുമെന്നും ഐ.സി.എം.ആർ.വ്യക്തമാക്കി.

യു.എസ് ഉൾപ്പെടെ പല സമ്പന്ന രാജ്യങ്ങളും ഇതിനകം ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്.

Advertisement
Advertisement