സാങ്കേതികപ്രശ്നങ്ങൾ ഒഴിഞ്ഞു: ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് സേവനത്തിന് നടപടി

Thursday 16 September 2021 10:36 PM IST

കണ്ണൂർ:.ഉൾപ്രദേശങ്ങളിലെ ആദിവാസി മേഖലകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് നടപടി തുടങ്ങി. ടവർ സ്ഥാപിക്കുന്നതിന് സർക്കാർ വകുപ്പുകൾ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ , സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ പരമാവധി അഞ്ച് സെന്റ് ഭൂമി വരെ പാട്ടത്തിന് നൽകും.

പാട്ടത്തിന് നൽകുന്നതിനുള്ള അധികാരം ആ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയിൽ നിക്ഷിപ്തമാക്കും. 5000 രൂപ വാർഷിക നിരക്കിൽ ഈ സ്ഥലത്തിന് വാടകയ്ക്ക് നൽകും. ജില്ലാതല മേധാവിക്കാണ് ഇക്കാര്യത്തിൽ ഉത്തരവിറക്കാനുള്ള അധികാരം. അല്ലാത്ത സാഹചര്യത്തിൽ ഓഫീസ് മേധാവിക്കും അധികാരമുണ്ടാകും.

മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനും ഭൂമിക്കടിയിലൂടെയും അല്ലാതെയും കേബിളുകൾ വലിക്കുന്നതിനും തദ്ദേശസ്വയംഭരണം , പൊതുമരാമത്ത്/ബന്ധപ്പെട്ട അധികാരികൾ എന്നിവയിൽ നിന്നും ലഭിക്കേണ്ട അനുമതികൾ നിശ്ചിത കാലാവധി കഴിഞ്ഞാൽ കൽപിത അനുമതികളായി കണക്കാക്കും.കണക്ടിവിറ്റി നൽകുന്നതിന് ഒപ്ടിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡുകൾ കുഴിക്കുന്നതിന് മൺസൂൺ കാലയളവിലും അനുമതി നൽകും. വനംവകുപ്പിന്റെ അനുമതി പരിശോധിച്ച് മൂന്നു ദിവസത്തിനകം നൽകാനും തീരുമാനമായി.

Advertisement
Advertisement