വലയിലുടക്കാതെ ആറ്റുകൊഞ്ച്

Friday 17 September 2021 12:00 AM IST

# വേമ്പനാട്ടുകായലിൽ ലഭ്യത കുറഞ്ഞു

ആലപ്പുഴ: വേമ്പനാട്ട് കായലിൽ ആറ്റുകൊഞ്ച് കുറയുന്നതായി പുതിയ പഠനം. 400 ടണ്ണിൽ നിന്ന് 40 ടണ്ണായാണ് കുറഞ്ഞിരിക്കുന്നത്. 2018ലെ പ്രളയത്തിന് ശേഷം എക്കൽ അടിഞ്ഞതാണ് കൊഞ്ച് ലഭ്യത കുറച്ചത്. എന്നാൽ കരിമീനിന്റെ അളവ് വർദ്ധിച്ചിട്ടുണ്ട്. വർഷത്തിൽ 365 ദിവസവും പ്രജനന ശേഷിയുള്ള മത്സ്യമാണ് കരിമീൻ. എന്നാൽ കൊഞ്ച് സീസണൽ മീനാണ്.

അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയോൺമെന്റൽ നടത്തിയ കണക്കെടുപ്പിലാണ് കൊഞ്ചിന്റെ അളവ് കുറഞ്ഞെന്ന കണക്ക് പുറത്തുവന്നത്. 2017ൽ ഭൗമശാസ്ത്ര പഠനത്തിലും കൊഞ്ചിന്റെ അളവ് കുറഞ്ഞെന്ന് കണ്ടെത്തിയിരുന്നു. ഒരു കിലോ കൊഞ്ചിന് 600-650 രൂപയാണ് വില. മത്സ്യക്കണക്കെടുപ്പ് തണ്ണീർമുക്കം ബണ്ടിന്റെ തെക്ക്-വടക്ക് ഭാഗങ്ങളിലായാണ് നടത്തിയത്. ബണ്ടിന്റെ വടക്കുനിന്ന് 92 ഇനം ചിറക് മത്സ്യങ്ങളെയും നൂറോളം മത്സ്യവിഭാഗങ്ങളെയും കണ്ടെത്തി. ഈ ഇനത്തിൽപ്പെട്ട 48 മത്സ്യവിഭാഗങ്ങൾ ബണ്ടിന്റെ തെക്കും കണ്ടെത്തി. കഴിഞ്ഞ വർഷം 76 ഇനങ്ങളാണ് കണ്ടെത്തിയത്. സൂചിക്കൊഴുവ, വറ്റ, തിരുത, കാളാഞ്ചി, ചെമ്പല്ലി എന്നിവ വടക്കുഭാഗത്തും ആരകൻ, വരാൽ, കാരി, കല്ലേമുട്ടി, പരൽ ഇനങ്ങൾ തെക്കുകിഴക്കൻ ഭാഗത്തും സുലഭമായി കണ്ടെത്തി. കുട്ടനാട് പള്ളാത്തുരുത്തി ഭാഗത്ത് ആറ്റുവാളക്കുഞ്ഞുങ്ങൾ ധാരാളമായുണ്ട്.

വിദേശ ഇനങ്ങളും

പ്രളയ ശേഷം വേമ്പനാട്ട് കായലിൽ വിദേശ വളർത്ത് മത്സ്യങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. പ്രളയത്തിൽ കുട്ടനാട്ടിലെ വളർത്ത് മീനുകൾ കായലിലേയ്ക്ക് ഒഴുകിയെത്തി. കൂരിവാള, തിലോപ്പിയ, റെഡ് ബെല്ലി ഇനങ്ങളാണ് കൂടുതലായി കണ്ടെത്തിയത്. ഈ മീനുകൾ ചെറുമീനുകളെ ഭക്ഷിക്കുന്നത് വംശനാശഭീഷിണിയും ഉയർത്തുന്നുണ്ട്.

കൊഞ്ച് കുറയാൻ കാരണം?

1. കായലിൽ ഉപ്പുരസം മൂന്നിരട്ടിയായി

2. വേമ്പനാട് അഞ്ച് നദികളുടെ കുപ്പത്തൊട്ടി

3. വെള്ളത്തിന്റെ ഗുണനിലവാരം കുറഞ്ഞു. കീടനാശിനി സാന്നിദ്ധ്യം

4. പോള നിറയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നം

5. കോളീഫോം ബാക്ടീരിയയുടെ അളവ് വർദ്ധിച്ചത്

6. ഹൗസ് ബോട്ട്, റിസോർട്ടുകളുടെ മാലിന്യ സംസ്കരണം ശാസ്ത്രീയമല്ലാത്തത്

''

വേമ്പനാട്ട് കായലിൽ കൊഞ്ചിന്റെ ലഭ്യത കുറഞ്ഞു. കായൽ വെള്ളത്തിൽ ഓക്സിജന്റെ അളവ് നാലുമുതൽ അഞ്ചുവരെ പാർട്സ് പെർ മില്യൺ വേണ്ടിടത്ത് രണ്ടു മുതൽ നാലുവരെയാണുള്ളത്.

അശോക ട്രസ്റ്റ് ഫോർ റിസർച്ച്

Advertisement
Advertisement