പ്രായം 94, രസച്ചരട് പൊട്ടാതെ ഫേസ്ബുക്കിലും ജീവിതമെഴുത്തിലും ലൈവ് !

Friday 17 September 2021 2:59 AM IST
ഡോ.രാഘവൻ വെട്ടത്ത്

തൃശൂർ: വയസ് 94 പിന്നിട്ടു. പക്ഷേ തലമുറ വ്യത്യാസമില്ലാതെ എഴുതിയും ലൈക്കടിച്ചും ഷെയർ ചെയ്തും സാമൂഹിക മാദ്ധ്യമങ്ങളിൽ ലൈവാണ് ഡോ. രാഘവൻ വെട്ടത്ത് എന്ന ഈ അദ്ധ്യാപകൻ. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും മാത്രമല്ല ജീവിതാനുഭവങ്ങളുടെ നിറം കൊണ്ടെഴുതിയ കഥകളാൽ പുസ്തകങ്ങളിലൂടെയും ലൈവാണ് ഈ കാരണവർ. ഇരിങ്ങപ്പുറം എസ്.എം.യു.പി സ്‌കൂളിലെ റിട്ട. അദ്ധ്യാപകനായ രാഘവൻ ജീവിതവും ചികിത്സാനുഭവങ്ങളും കടലാസിൽ കുറിച്ചിട്ട്, അഞ്ചാമത്തെ പുസ്തകവും പുറത്തിറക്കി. പേര് 'പുൽപ്പള്ളിയിലെ കൊമ്പനും മറ്റ് കഥകളും'. വിഷവൈദ്യൻ കൂടിയായ ഈ എഴുത്തുകാരൻ സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമാകുന്നത് നാല് വർഷം മുമ്പായിരുന്നു.

മൊബൈൽ ഫോണിൽ എഴുതാൻ സുഹൃത്തുക്കളാണ് പഠിപ്പിച്ചത്. അതിനിടെ വായനയും തുടർന്നു. ഇപ്പോഴും കാഴ്ചയ്ക്ക് കുറവില്ല. രോഗങ്ങളുമില്ല. കഴിഞ്ഞകാലങ്ങളുടെ ഓർമ്മകളെല്ലാം സുഭദ്രം. യൗവനകാലത്ത് ശ്രീലങ്കയിലായിരുന്നു. മറ്റം പള്ളിയിൽ സീനിയർ വികാരിയും വിഷവൈദ്യനുമായിരുന്ന ഫാ. ഇഗ്‌നേഷ്യസ് ചിറയത്ത്, വൈദ്യഭൂഷണം ഡോ. പി.ടി. കൃഷ്ണൻ നമ്പ്യാർ എന്നിവരിൽ നിന്നും വിഷവൈദ്യപാഠം പഠിച്ചു. സംസ്ഥാന സർക്കാരിന്റെ വിഷവൈദ്യ കോംപീറ്റൻസി സർട്ടിഫിക്കറ്റ് പരീക്ഷ പാസായി, എ ക്ലാസ് മെഡിക്കൽ പ്രാക്ടീഷണറായി. നിരവധി പേരെ ചികിത്സിച്ചു. ചികിത്സാനുഭവങ്ങൾ സങ്കൽപവും യാഥാർത്ഥ്യവും ചേർന്ന കഥകളായി. ചരിത്രവും ഐതിഹ്യങ്ങളുമെല്ലാം ഇഴചേർത്ത് രസച്ചരട് പൊട്ടാതെ പുസ്തകങ്ങളായി. കണ്ടാണശേരിയിലെ കല്ലുകുത്തിപ്പാറയെ ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്നും കൊവിഡ് വാക്‌സിൻ പ്രായമായവർക്ക് വീട്ടിലെത്തി നൽകണമെന്നുമെല്ലാമുള്ള ആവശ്യങ്ങൾ അദ്ദേഹം ഫേസ്ബുക്കിലും കുറിക്കുന്നു. വസൂരിയും കോളറയും പടർന്നു പിടിച്ച പഴയകാലങ്ങളെക്കുറിച്ചും അതിൽ കുറിച്ചു, പുതിയ തലമുറയ്ക്കായി. 1940 കളിൽ കണ്ടാണശേരിയിൽ രൂപം കൊണ്ട ചെത്ത് തൊഴിലാളി യൂണിയന്റെ മുൻനിരയിൽ എഴുത്തുകാരൻ കോവിലനൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.


എഴുത്തിന്റെ പുതിയമേഖല

വൈകാരികവും വൈജ്ഞാനികവുമായ വൈദ്യശാസ്ത്രകഥകൾ ഇംഗ്ലീഷ് സാഹിത്യത്തിന് പുതുമയല്ലെങ്കിലും മലയാളത്തിന് പരിചിതമല്ല. രോഗിയും ചികിത്സകനും ചേരുന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്നുള്ള കഥകളിൽ അദ്ധ്യാപനത്തിന്റെ അനുഭവങ്ങളും ചേർത്തു. അതോടെ വായനക്കാർ മനസുകൊണ്ട് ലൈക്കും ഷെയറും ചെയ്തു. ഫോണിൽ കമന്റുകൾ വന്നു. ആറ് പതിറ്റാണ്ട് മുൻപ് പുൽപ്പള്ളിയിൽ ജോലിയെടുക്കുമ്പോഴുണ്ടായ അനുഭവങ്ങളാണ് പുതിയപുസ്തകത്തിൽ. കണ്ടാണശേരിയിലെ വീട്ടിൽ പുസ്തകങ്ങൾക്കും മൊബൈലിനും നടുവിലാണ് അദ്ദേഹം. കഴിഞ്ഞവർഷമായിരുന്നു ഭാര്യയുടെ വിയോഗം. ഇപ്പോൾ കൂടെ സഹായിയുണ്ട്. പക്ഷേ ദൈനംദിന കാര്യങ്ങളെല്ലാം തനിയെയാണ്. മക്കൾ: സി.എം.എഫ്.ആർ.ഐ.യിൽ സയന്റിസ്റ്റായ ഡോ. സുരേഷ്, ആയുർവേദ ചികിത്സകനും സംഗീതജ്ഞനുമായ ഡോ. ബാജി.

എഴുതിയ കഥകളെല്ലാം ജീവിതാനുഭവങ്ങളാണ്. ഭാവനകളല്ല, അതുകൊണ്ട് ആ എഴുത്ത് വായിക്കപ്പെടുന്നുണ്ട്. പുതിയ പുസ്തകം പുറത്തിറങ്ങിയതിൽ സന്തോഷം.

- ഡോ. രാഘവൻ വെട്ടത്ത്.

Advertisement
Advertisement