ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ സ്മാരക നിർമ്മാണത്തിന് തുടക്കം

Friday 17 September 2021 3:13 AM IST
ഗുരുവായൂർ പത്മനാഭന്റെ പൂർണ്ണകായ പ്രതിമാ നിർമ്മാണത്തിന്റെ തറക്കല്ലിടൽ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി നിർവഹിക്കുന്നു.

ഗുരുവായൂർ: ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ സ്മാരക നിർമ്മാണത്തിന് തുടക്കമായി. മന്ത്രി കെ. രാധാകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നിയമസഭാ സ്പീക്കറായിരിക്കെ ഗുരുവായൂർ പത്മനാഭനെ ആദരിക്കാൻ ലഭിച്ച അവസരം മന്ത്രി അനുസ്മരിച്ചു. പത്മനാഭന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ മുൻകൈയ്യെടുത്ത ദേവസ്വം ഭരണസമിതിയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. പുന്നത്തൂർക്കോട്ടയിൽ ആനകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.

ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി ശിലാസ്ഥാപന ചടങ്ങ് നിർവഹിച്ചു. ഭരണസമിതി അംഗം കെ. അജിത്ത്, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി തുടങ്ങിയവർ സംസാരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി.ഷാജി, അഡ്വ.കെ.വി. മോഹനകൃഷ്ണൻ എന്നിവർ സന്നിഹിതരായി.

ഗുരുവായൂർ പത്മനാഭന്റെ ഓർമയ്ക്കായി ശ്രീവത്സം അങ്കണത്തിലാണ് പൂർണ്ണകായ പ്രതിമ നിർമ്മിക്കുന്നത്. പത്മനാഭന്റെ അതേ അളവിലും അഴകിലുമാണ് നിർമ്മാണം. ഏറെ പ്രിയങ്കരനായിരുന്ന പത്മനാഭൻ 2020 ഫെബ്രുവരി 26നാണ് ചരിഞ്ഞത്.

Advertisement
Advertisement