' ഇന്ത്യയുമായുള‌ള ബന്ധം മൂന്നാമതൊരു രാജ്യത്തിന്റെ കണ്ണിലൂടെ കാണരുത്'; ലഡാക്കിലെ പ്രശ്‌നപരിഹാരത്തിൽ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ

Friday 17 September 2021 11:53 AM IST

ന്യൂഡൽഹി: ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇരുപക്ഷവും ചേർന്ന് പ്രവർത്തിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ നടന്ന കൂടിക്കാഴ്‌ചയിൽ വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌ യിയും ഇക്കാര്യത്തിൽ ചർച്ച നടന്നു. ഇരു രാജ്യങ്ങളിലെയും സൈനിക, ഉദ്യോഗസ്ഥതല യോഗം ഉടൻ കൂടി പ്രശ്‌നപരിഹാരം സാദ്ധ്യമാക്കണമെന്ന കാര്യത്തിൽ ഇരുവരും യോജിച്ചു. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഇരു മന്ത്രിമാരും ചർച്ച ചെയ്‌തു. പ്രശ്‌നങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ഇരുപക്ഷത്തിനും നല്ലതല്ലെന്ന അഭിപ്രായത്തിലേക്ക് മുൻ യോഗങ്ങളിൽ ഇരു രാജ്യത്തെ മന്ത്രിമാരും എത്തിച്ചേർന്നിരുന്നു.

ഏഷ്യൻ രാജ്യങ്ങൾ തമ്മിലെ ഐക്യം ഇരുരാജ്യങ്ങളുടെയും ബന്ധമനുസരിച്ചിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. പരസ്‌പര ബഹുമാനത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ ഒരു ബന്ധമുണ്ടാകണമെന്നും അതിന് ചൈന ഇന്ത്യയുമായുള‌ള ബന്ധം മൂന്നാമതൊരു രാജ്യത്തിന്റെ കണ്ണിലൂടെ കാണരുതെന്നും എസ്.ജയ്‌ശങ്കർ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം ഇവിടുത്തെ വികസന പ്രവർത്തനങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്‌തു. ഇതിന് മുൻപ് ഇരുരാജ്യങ്ങളും തമ്മിൽ ജൂലായ് 14ന് വിഷയം ചർച്ച ചെയ്‌തിരുന്നു.

2020 മേയ് അഞ്ചിന് ലഡാക്കിലെ പാംഗോംഗിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം ഇരു വിഭാഗത്തിലെയും സൈനികർ അതിർത്തിയിൽ തർക്കപ്രദേശങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. 50,000 മുതൽ 60,000 വരെ സൈനികരാണ് അതിർത്തിയിലുള‌ളത്. ഇവരെ പിൻവലിക്കുന്നതിനുള‌ള സൈനിക-ഉദ്യോഗസ്ഥ തല ചർച്ചകൾ ഇപ്പോഴും പൂർണ തീരുമാനമായിട്ടില്ല.

Advertisement
Advertisement