'മമ്മൂട്ടിയെ എടാ മമ്മൂട്ടി എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള ഒരേയൊരാളാണ് പോയത്'
മമ്മൂട്ടിയെ 'ഡാ മമ്മൂട്ടി' എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അന്തരിച്ച കെ.ആർ വിശ്വംഭരൻ ഐഎഎസ്. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ലോ കോളേജിൽ മമ്മൂട്ടിയും വിശ്വംഭരനും സഹപാഠികളായിരുന്നു. ആ സൗഹൃദമാണ് പിൽക്കാലത്ത്, സിനിമയ്ക്കും അകത്തും പുറത്തും മമ്മൂട്ടി കാത്തു സൂക്ഷിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നപ്പോഴും കെ.ആർ വിശ്വംഭരനെ കാണാൻ മമ്മൂട്ടി എത്തിയിരുന്നു.
റോബർട്ട് കുര്യാക്കോസിന്റെ വാക്കുകൾ-
" ഡാ ജിൻസെ, എന്റെ കയ്യിൽ 100പുത്തൻ സ്മാർട്ട് ഫോൺ കിട്ടി കഴിഞ്ഞു.. നീ മമ്മൂട്ടിയെ വിളിച്ചു പറ.. ഞാൻ പറഞ്ഞാൽ അവൻ ഞെട്ടില്ല.. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാൻ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്.... " എന്നോട് ഇങ്ങനെ പറഞ്ഞ് രണ്ടു നാൾ കഴിഞ്ഞാണ് സാർ അഡ്മിറ്റ് ആയ വിവരം അറിയുന്നത്.. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യ... മമ്മൂക്കയെ "ഡാ മമ്മൂട്ടി " എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാൾ... ഞങ്ങളുടെ കെയർ ആൻഡ് ഷെയറിന്റെ ഒരു ഡയറക്ടർ!!! സാർ വിട'
ഔഷധി ചെയർമാനും, കാർഷിക സർവകലാശാല മുൻ വൈസ് ചാൻസറലുമായിരുന്നു കെ.ആർ വിശ്വംഭരൻ ഐഎഎസ്. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒന്നരമാസമായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണവിഭാഗത്തിലായിരുന്നു. എറണാകുളം, ആലപ്പുഴ ജില്ലാ കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചിയിലെ കലാ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ സജീവസാന്നിദ്ധ്യമായിരുന്നു.