നാർക്കോട്ടിക് ജിഹാദ്: ബി ജെ പിയെ വെട്ടിലാക്കി മുൻ സംസ്ഥാന അദ്ധ്യക്ഷൻ, പരാമർശം  ഗൗരവമായി  കാണുന്നില്ലെന്ന് സി കെ പത്മനാഭൻ

Friday 17 September 2021 3:06 PM IST

കണ്ണൂർ: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാബിഷപ്പിന്റെ പരാമർശത്തിന് സംസ്ഥാന ബി ജെ പി നേതൃത്വം പിന്തുണ പ്രഖ്യാപിക്കുമ്പോൾ ഭിന്ന സ്വരവുമായി മുതിർന്ന നേതാവും പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ സി.കെ.പത്മനാഭൻ. പരാമർശം ഗൗരവമായി കാണുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പാർട്ടി ഓഫീസിലെത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നിലപാട് വ്യക്തമാക്കിയത്.

'വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. പള്ളിയിൽ പിതാവ് വിശ്വാസികളോട് സംസാരിക്കുന്ന ഘട്ടത്തിൽ അത്തരത്തിലൊരു പരാമർശം കൂടി കൂട്ടിപ്പറഞ്ഞതാകാം. ജിഹാദിന് നമ്മൾ ഉദ്ദേശിക്കുന്ന അർത്ഥമല്ല ഉള്ളത്. ചെറിയൊരു തീപ്പൊരി വീണാൽ അത് കാട്ടുതീയാകും. കേരളത്തിന്റെ മതസൗഹാർദ്ദത്തിന് അത് വലിയൊരു കളങ്കമാകും. കാട്ടുതീ ഉണ്ടായാൽ അതിന് ഇരകളാകുന്നത് അതിന്റെ കാരണക്കാർ തന്നെയായിരിക്കും'- പത്മനാഭൻ പറഞ്ഞു. പലപ്പോഴും സംസ്ഥാന ബി ജെ പി നേതൃത്വത്തിന്റെ നിലപാടുകളിൽ നിന്ന് ഭിന്നമായ നിലപാടുകൾ പത്മനാഭൻ സ്വീകരിക്കാറുണ്ട്. നാർക്കോട്ടിക് ജിഹാദ് വിഷയത്തിലെ അദ്ദേഹത്തിന്റെ വ്യത്യസ്ത നിലപാട് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.

അതേസമയം, പാല ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി രംഗത്തെത്തി . ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ട് സന്ദർശിച്ചാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പിന്തുണ പ്രഖ്യാപിച്ചത്. ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നും ലാന്റ് ജിഹാദ് അടക്കം മറ്റ് ജിഹാദുകളും കേരളത്തിൽ സജീവമാണെന്നും സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. താലിബാനിസം നാട്ടിൽ വരതിരിക്കാൻ എല്ലാ വിഭാഗങ്ങളും മുൻകരുതൽ എടുക്കണം. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അനുനയ നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ ചർച്ച ചെയ്യുന്നത് കൊണ്ട് മാത്രം പ്രശ്നം തീരില്ല. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.