മോദിക്ക് ഹസീന നൽകിയ ജന്മദിന സമ്മാനത്തിന് പിന്നിൽ ആത്മബന്ധത്തിന്റെ കഥയുണ്ട്, 71 ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഒരുപോലെ പ്രിയപ്പെട്ടത്, കാരണം ഇതാണ്

Friday 17 September 2021 7:56 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനമായ ഇന്ന് രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ ആഘോഷ പരിപാടികൾ അരങ്ങേറുകയാണ്. ഒരു ഭാ​ഗത്ത് റെക്കോഡ് വാക്സിനേഷൻ നടക്കുമ്പോൾ ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് 'സേവനവും സമർപ്പണവും' പ്രചാരണം ആരംഭിച്ചു. അതേസമയം, വിവിധയിടങ്ങളിൽ നിന്നും അദ്ദേഹത്തെ തേടി പ്രത്യേക ആശംസകളും എത്തുന്നുണ്ട്. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അയച്ച ജന്മദിന സമ്മാനമാണ്.

71 റോസാപ്പൂക്കളടങ്ങിയ പൂച്ചെണ്ടാണ് മോദിക്ക് ഹസീന സമ്മാനിച്ചത്. റോസാപ്പൂക്കളുടെ എണ്ണത്തിന് പ്രധാനമന്ത്രിയുടെ പ്രായവുമായുളള ബന്ധം മാത്രമല്ല ഈ പൂച്ചെണ്ടിനെ വ്യത്യസ്ഥമാക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള ആത്മബന്ധത്തിന് 71 എന്ന സംഖ്യയുമായി വളരെ അഭേദ്യമായ ബന്ധമുണ്ട്. കാരണം, 1971ൽ ഇന്ത്യയുടെ സഹായത്തോടെയാണ് ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചത്. കിഴക്കൻ പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് വേർതിരിച്ചു, ഒപ്പം പുതിയ രാജ്യത്തിന്റെ പേര് ലോക ഭൂപടത്തിൽ കൂട്ടിച്ചേർക്കപ്പെട്ടു. ഇതിൽ ഒരു പ്രധാന പങ്ക് വഹിച്ചത് ഇന്ത്യയായിരുന്നു.

മോദിയുടെ ഈ ജന്മദിനം അദ്ദേഹത്തെയും ബി.ജെ.പിയെയും സംബന്ധിച്ച് സവിശേഷമാണ്. കാരണം ഈ വർഷം അദ്ദേഹം അധികാരത്തിൽ ഇരുപത് വർഷം പൂർത്തിയാക്കും. 2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി ഇപ്പോൾ പ്രധാനമന്ത്രിയുമായി തുടരുന്നു.

സെപ്തംബർ 22 ന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലെത്തും. ജോ ബെെഡൻ 2021 ജനുവരിയിൽ അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും മുഖാമുഖം കാണുന്നത്. ന്യൂയോർക്കിൽ പ്രധാനമന്ത്രി മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിൽ കൂടിക്കാഴ്ച നടത്താനും സാദ്ധ്യതയുണ്ട്.

Advertisement
Advertisement