മെഡി. സീറ്റ് സംവരണം: കേന്ദ്രത്തിന് നോട്ടീസ്

Saturday 18 September 2021 12:00 AM IST

ന്യൂഡൽഹി :മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ (നീറ്റ്) 27 ശതമാനം ഒ.ബി.സി. സംവരണവും പത്ത് ശതമാനം സാമ്പത്തിക സംവരണവും നടപ്പാക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും ,മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിക്കും, ദേശീയ പരീക്ഷാ ബോർഡിനും സുപ്രീംകോടതി നോട്ടീസയച്ചു. മധുര കവീശ്വറിന്റെ ഹർജിയിൽ ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ബി.വി.നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിശദീകരണം തേടിയത്.

നീറ്റിൽ സംവരണഭേദഗതി വരുത്തിയ ജൂലായ് 29ലെ മെഡിക്കൽ കൗൺസിലിന്റെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഈ അദ്ധ്യയന വർഷം മുതൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ, ഡെന്റൽ ബിരുദ ബിരുദാന്തര കോഴ്സ് അഖിലേന്ത്യാ ക്വാട്ടയിൽ 27 ശതമാനം ഒ.ബി.സി. സംവരണവും 10 ശതമാനം സാമ്പത്തിക പിന്നാക്ക സംവരണവും ഏർപ്പെടുത്തുന്നതാണ് വിജ്ഞാപനം.നിലവിൽ സർക്കാർ മെഡിക്കൽകോളേജുകളിലെ ബിരുദകോഴ്സുകളിൽ ആകെയുള്ള സീറ്റിന്റെ 15 ശതമാനവും പി.ജി.കോഴ്സുകളിൽ 50 ശതമാനവുമാണ് അഖിലേന്ത്യാ ക്വാട്ട. ഇപ്പോൾ പൂർണമായും മെറിറ്റടിസ്ഥാനത്തിൽ കേന്ദ്രീകൃത കൗൺസലിംഗ് വഴി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസാണ് ഇതിലേക്ക് പ്രവേശനം നടത്തുന്നത്. ആ രീതിമാറി ഇനി മുതൽ ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് സംവരണം വരുന്നതിനെയാണ് ഹർജിക്കാർ എതിർക്കുന്നത്. ഹർജികൾ ഇനി 20ന് പരിഗണിക്കും.

Advertisement
Advertisement