ദേശീയപാത നിറയെ അപകടക്കുഴികൾ നടുവൊടിഞ്ഞ് യാത്രക്കാർ

Saturday 18 September 2021 12:08 AM IST

പാറശാല: കരമന - കളിയിക്കാവിള ദേശീയ പാതയിൽ ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള പതിനഞ്ച് കിലോമീറ്ററോളം ദൈർഘ്യമുള്ള ഭാഗം അപകടക്കുഴികൾ രൂപപ്പെട്ട് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഈ അപകടകരമായ കുഴികൾ വാഹനയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണി ഉയർത്തുമ്പോഴും കുഴികൾ അടയ്ക്കാതെ അനാവശ്യനിർമ്മാണ പ്രവർത്തനങ്ങൾ നടത്തി തുക ചെലവഴിക്കുന്നതായും ആക്ഷേപമുയരുന്നു.

കരമന - കളിയിക്കാവിള ദേശീയ പാതയിൽ കൊടിനട വരെ ആറ് വരി പാത നിർമ്മാണം ഇതോടെ പൂർത്തിയായിക്കഴിഞ്ഞു. രാജപാത എന്നറിയപ്പെടുന്ന ദേശീയപാത അതീവ പ്രാധന്യമുള്ള റോഡ് ആണെന്നത് കൊണ്ട് തന്നെ അപകട രഹിതമായി പരിപാലിച്ച് സംരക്ഷിക്കേണ്ടത് അധികാരികളുടെ ചുമതലയാണ്. എന്നാൽ അപകട കുഴികൾ അടയ്ക്കുന്നതിനോ വാഹനയാത്ര സുഗമമാക്കുന്നതിനോ അധികാരികൾ തയാറാവുന്നില്ലെന്നാണ് പരാതി. പഞ്ചായത്ത് പരിധികളിലെ ഗ്രാമീണ റോഡുകളെക്കാൾ നിലവാരം കുറഞ്ഞ രീതിയിലാണ് ദേശീയ പാതയുടെ നിലവാരമെന്നാണ് നാട്ടുകാർ പറയുന്നത്. ബാലരാമപുരം - കളിയിക്കാവിള മേഖലയിലെ കുഴികളിൽ വീണ് ഇരുചക്ര യാത്രക്കാരായ നിരവധിപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഒപ്പം ദിവസേന കുഴികളിൽ വീണ് അപകടത്തിൽപെടുന്നവരും നട്ടെല്ലിന് കേടുപറ്റി കിടപ്പിലാവുന്നവരും അനേകമാണ്.

** ഈ മേഖലയിൽ എത്രയും വേഗം ആറ് വരി നിർമ്മിക്കാനുള്ള നടപടികൾ തുടരുന്നതാണ് റോഡിലെ കുഴികൾ അടയ്ക്കുന്നതിന് തടസ്സമായി അധികാരികൾ പറയുന്നത്. ആറ് വരി പാത നടപ്പിലാകുന്നത് വരെ കുഴികൾ അടയ്ക്കാതെ മുന്നോട്ടുപോവുകയാണെങ്കിൽ ആറ് വരി പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഈ മേഖലയിലെ യാത്രക്കാർ യാത്ര ഒഴിവാക്കേണ്ടിവരും.

മറ്റ് പണികൾ ഉഷാ‌ർ

ആറ് വരിപാതയാക്കേണ്ട നിലവിലെ റോഡിന് ഇരുവശത്തും ഇന്റർലോക്ക് സ്ഥാപിക്കുന്നതിനും പൊട്ടിപ്പൊളിഞ്ഞ് അപകട കുഴികൾ നിറഞ്ഞ റോഡിലൂടെ റ്റാർപ്ലസ്റ്റ് പെയിന്റ് ഉപയോഗിച്ച് വരയും കുറിയും ഇടുന്നതിനും, റോഡിൽ അവിടവിടെയായി സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും, നേരത്തെ സ്ഥാപിച്ചിട്ടുള്ള സിഗ്‌നൽ ബോർഡുകൾക്ക് പുറമെ കൂടുതലായി സിഗ്നൽ ബോർഡുകൾ സ്ഥാപിക്കുന്നതിനും, റോഡ് വാക്കുകൾ സിമന്റ് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുന്നതായും പറയുന്നു. ആറ് വരി പാതയുടെ നിർമ്മാണം നടപ്പിലാവുകയാണെങ്കിൽ ഈ പണികളെല്ലാം തന്നെ പാഴായിപ്പോകുന്നതാണ്.

റോഡ് സുരക്ഷയുടെ പേരിൽ മുതലക്കണ്ണീർ പൊഴിക്കുന്ന അധികാരികൾ അനാവശ്യ പണികൾ ചെയ്ത് കോടികളുടെ ഫണ്ട് ചെലവഴിക്കുന്നത് ഒഴിവാക്കി പകരം റോഡിലെ അപകട കുഴികൾ അടച്ച് വാഹന യാത്രക്കാർക്കും നാട്ടുകാർക്കും സുരക്ഷ ഉറപ്പാക്കണം

നാട്ടുകാർ

അപകടക്കുഴികൾ ഇവിടെ

പാറശാലയിൽ കാരാളി ജംഗ്‌ഷൻ, ഇടിച്ചക്കപ്ലാമൂട്, പരശുവയ്ക്കൽ, ഉദിയൻകുളങ്ങര ജംഗ്‌ഷൻ, അമരവിള ജംഗ്‌ഷൻ, നെയ്യാറ്റിൻകര ജംഗ്‌ഷൻ, ആലുംമ്മൂട് ജംഗ്‌ഷൻ, ആറാലുംമ്മൂട് ജംഗ്‌ഷൻ, ബാലരാമപുരം എന്നിവിടങ്ങളിലെ

ദേശീയപാതയിലെ സുരക്ഷാകാരണങ്ങൾ പറഞ്ഞ് ഇരുവശത്തും ഇന്റർലോക്ക് സ്ഥാപിക്കുക, പൊട്ടിപൊളിഞ്ഞ റോഡിൽ പെയിന്റ് അടിക്കുക തുടങ്ങിയ അനാവശ്യ പണികൾക്കായി കോടികൾ ചെലവഴിക്കുന്ന നടപടികൾ നിറുത്തിവയ്ക്കുകയും പകരം റോഡിലെ കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണം.

ടി.കെ. അനിൽകുമാർ,​ സിറ്റിസൺ ഫോറം,​ പാറശാല

Advertisement
Advertisement