ലീഗിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്: കൂട്ടക്കലാപത്തിന് വഴിതുറന്ന് കണ്ണൂർ യു.ഡി. എഫ്

Friday 17 September 2021 11:50 PM IST

അടിയന്തര യു.ഡി. എഫ് യോഗം വിളിക്കണമെന്ന് ലീഗ് നേതൃത്വം

കണ്ണൂർ:കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് വഴിയൊരുക്കിയത് കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ ഒത്തുകളിയും നിസ്സഹകരണവുമാണെന്ന മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് കണ്ണൂർ യു.ഡി.എഫിൽ പ്രതിസന്ധി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അടക്കമുള്ളവർ തോൽവിയ്ക്ക് ഉത്തരവാദികളാണെന്ന് കാട്ടിയുള്ള റിപ്പോർട്ട് ചർച്ച ചെയ്യാൻ അടിയന്തര യു.ഡി. എഫ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകാനും ജില്ലാ മുസ്ലിം ലീഗ് ആലോചിക്കുന്നുണ്ട്.

ദുർബലമായ സംഘടനാ സംവിധാനമാണ് ഈ രണ്ടു മണ്ഡലത്തിലെയും തോൽവിക്ക് കാരണമായതെന്നാണ് ലീഗിന്റെ കണ്ടെത്തൽ. കോൺഗ്രസ്, ലീഗ് ബന്ധത്തിലെ അസ്വാരസ്യവും അനൈക്യവും പരാജയത്തിന് വഴിവച്ചു. കോൺഗ്രസ് നേതൃത്വം പലകാര്യങ്ങളും തങ്ങളോട് ആലോചിക്കാതെയാണ് തീരുമാനിക്കുന്നതെന്നും ലീഗിന് പരാതിയുണ്ട്.പള്ളിക്കുന്നിലെ കോൺഗ്രസ് ഗ്രൂപ്പ് വഴക്കും ബാങ്ക് വിവാദവും സുധാകരൻ ഇടപെട്ടിട്ടും തടയാനായില്ലെന്നും ഇതു നല്ലൊരു ശതമാനം വോട്ടർമാരെയും മറിച്ച് ചിന്തിപ്പിക്കാൻ കാരണമായെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.കണ്ണൂരിലെ തോൽവിക്ക് കെ സുധാകരനും കോർപറേഷൻ മേയർ ടി .ഒ. മോഹനനും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയും ഉത്തരവാദികളാണെന്ന് കണ്ണൂർ മണ്ഡലം റിപ്പോർട്ട് ചൂണ്ടിക്കാട്ടി.റിജിൽ മാക്കുറ്റി സതീശൻ പാച്ചേനിയുടെ പരാജയം ഉറപ്പിക്കുന്ന പ്രവർത്തനമാണ് നടത്തിയതെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്.

അഴീക്കോട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ പിടിപ്പുകേട്
അഴീക്കോട് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് സംസ്ഥാന നേതൃത്വം കാണിച്ച പിടിപ്പുകേടും തോൽവിക്ക് കാരണമായി. കെ. എം ഷാജി മൂന്നിടത്ത് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കി. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയുടെ സ്ഥാനാർത്ഥി മോഹവും വിനയായി. ബൂത്തുതല പ്രവർത്തനം നിർജീവമായപ്പോൾ യു.ഡി.എഫ് നേതൃത്വത്തിന് ഇടപെടാനായില്ല.

തിരഞ്ഞെടുപ്പ് ഫണ്ട് കൃത്യമായി നൽകാത്തതും പ്രചാരണത്തെ പിന്നോട്ടടിപ്പിച്ചു. കോൺഗ്രസിന് സ്വാധീനമുള്ള പള്ളിക്കുന്ന്, പുഴാതി മേഖലകളിൽ വൻ വോട്ടുചോർച്ചയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിൽനിന്ന് കുത്തനെ കുറഞ്ഞു.

Advertisement
Advertisement