ഇന്ന് ലോക മുള ദിനം: ബാവലിതീരത്തുണ്ട് മുളങ്കാടിൻ കാവലാൾ

Friday 17 September 2021 11:54 PM IST
കുന്നുംപുറത്ത് അപ്പച്ചൻ മാസ്റ്റർ തന്റെ മുളന്തോട്ടത്തിൽ

കേളകം: കേളകം കുണ്ടേരിയിൽ ബാവലിപ്പുഴയുടെ തീരത്തോടു ചേർന്ന് ഒരേക്കറിലധികം വരുന്ന തന്റെ കൃഷിയിടത്തിൽ വ്യത്യസ്തങ്ങളായ അമ്പതിലധികം ഇനം മുളകൾ നട്ടുവളർത്തുകയാണ് പരിസ്ഥിതി പ്രവർത്തകനും റിട്ട. സാമൂഹ്യശാസ്ത്ര അദ്ധ്യാപകനുമായ കുന്നുംപുറത്ത് കെ.ജെ. അപ്പച്ചൻ.

പതിനാറാം വയസിലാണ് മുളയോട് ചങ്ങാത്തം കൂടിയത്..അന്ന് ബാവലിപ്പുഴയോരത്തും വീട്ടുവളപ്പിലുമെല്ലാം ധാരാളമായി കാണപ്പെട്ടിരുന്ന മുളങ്കാടുകൾ പൂത്തപ്പോൾ ഒരു കൗതുകത്തിനായി ചുവട്ടിൽ നിന്നും കുറേ മുളംതൈകൾ ശേഖരിച്ച് നടുകയായിരുന്നു. തുടർന്ന് മുളന്തൈ നടുന്നതും പരിപാലിക്കുന്നതും ശീലമായി. യാത്രകളിൽ മുളയുടെ വ്യത്യസ്ത ഇനം എവിടെ കണ്ടാലും അത് തന്റെ കൃഷിയിടത്തിലെത്തിക്കും അപ്പച്ചൻ മാസ്റ്റർ.

ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഇന്ന് സ്വദേശിയും വിദേശിയുമായി അമ്പതിലധികം ഇനം മുളകളുണ്ട്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ശേഖരിച്ചതിനു പുറമെ ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ യാത്രകളിൽ നിന്നെല്ലാം അദ്ദേഹം മുളംതൈകൾ കൊണ്ടുവന്നിരുന്നു. ഹിമാലയത്തിൽ നിന്നുപോലും തൈകൾ കൊണ്ടുവന്ന് നട്ടു.ഏറ്റവും കൂടുതൽ തൈകൾ ശേഖരിച്ചത് വയനാട്ടിലെ 'ഉറവി'ൽ നിന്നുമാണ്.

പുഴയോരത്തെ മുളങ്കാടുകൾ പരിചയപ്പെടാനായി പീച്ചി മുള ഗവേഷണ കേന്ദ്രം ഡയറക്ടർ അപ്പച്ചന്റെ വീട്ടിൽ വന്നിട്ടുണ്ട്. കൃഷിയിടത്തിൽ കാണാത്ത ഇനങ്ങൾ പീച്ചിയിൽ നിന്നും ശേഖരിക്കാൻ ഇതിലൂടെ വഴിയൊരുങ്ങി. കൂടാതെ അപ്പച്ചന് മുളകളോടുള്ള ഇഷ്ടമറിയാവുന്ന സുഹൃത്തുക്കൾ പുതിയ ഒരിനം എവിടെ കണ്ടാലും അദ്ദേഹത്തെ അറിയിക്കും. ആ സ്‌നേഹമാണ് ഇന്ന് ഒരു മുളങ്കാടായി മാറിയിരിക്കുന്നത്.

വെളിമാനം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും സോഷ്യൽ സയൻസ് അദ്ധ്യാപകനായി 2016ൽ വിരമിച്ച
അദ്ദേഹത്തിന്റെ പരിസ്ഥിതി സ്‌നേഹം പല സ്‌കൂളുകളിലും മുളകൾ നട്ടു പിടിപ്പിക്കുന്നതിന് പ്രയോജനപ്പെട്ടു.
യോഗയിൽ എം.എസ് .സി യും, കൗൺസിലിംഗിൽ പി.ജി.ഡിപ്ലോമയും നേടിയിട്ടുണ്ട്. ശില്പകലയിലും മികവു തെളിയിച്ച അദ്ദേഹം ഇപ്പോൾ മുളകൾക്കൊപ്പം കൃഷിയിലും ഗാർഡനിംഗിലും, ചെറുതേനീച്ച വളർത്തലിനും കൂടി സമയം കണ്ടെത്തുന്നുണ്ട്.

പരിസ്ഥിതിയോടും മുളയോടുമുള്ള അപ്പച്ചൻ മാഷിന്റെ സ്‌നേഹത്തിന് കരുത്തുപകരാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ട്.

പാവപ്പെട്ടവന്റെ തടി

പുല്ലു വർഗത്തിലുള്ള ഏറ്റവും വലിയ സസ്യമായ മുള പാവപ്പെട്ടവന്റെ തടി എന്ന പേരിലും അറിയപ്പെട്ടിരുന്നു.പണ്ടുകാലങ്ങളിലെ ഓലമേഞ്ഞ വീടുകളിലെ കഴുക്കോലും വാരിയും, ചുമരും വാതിലുമെല്ലാം മുളകൊണ്ടുള്ളതായിരുന്നു. ഇന്ന് നിരവധിയായ മൂല്യവർദ്ധിത ഉല്പന്നങ്ങൾ മുളയിൽ നിന്നുമുണ്ടാക്കാൻ കഴിയുന്നുണ്ട്.
കരകൗശല വസ്തുക്കൾക്ക് പുറമെ ഭക്ഷണ പദാർത്ഥങ്ങളും ഉണ്ടാക്കാം. മുളയരികൊണ്ടുള്ള അവലോസുണ്ട, ഉണ്ണിയപ്പം,മുളയുടെ കൂമ്പുകൊണ്ടുള്ള അച്ചാറ്, ചമ്മന്തിപ്പൊടി, പുട്ട്, പായസം അങ്ങനെ പോകുന്നു ലിസ്റ്റ്.

കേരളത്തിൽ സർവ്വസാധാരണയായി കാണുന്ന കല്ലൻമുള, മഞ്ഞമുള, പെൻസിൽ മുള, ഖടുവ, ആനമുള,ചൈനീസ്, ബാൽക്കോവ, ബ്ലാക്ക് ബാംബു, ബുദ്ധഗോൾഡ്, ട്രാവൺ കോറിക്ക, ടൂൾഡ, ആസ്പർ, ആസാംഗോൾഡ്, വാക്കിംഗ് ബാംബു, ഈറ്റ, ലാത്തി മുള, ഗ്രീൻ ഗോൾഡ്, കാസർഗോഡൻ തുടങ്ങിയ മുള വർഗ്ഗങ്ങൾ പരിചയപ്പെടാനും പഠിക്കാനുമാഗ്രഹിക്കുന്ന ധാരാളം പേർ ഇവിടെ വരാറുണ്ട്

അപ്പച്ചൻ മാസ്റ്റർ

Advertisement
Advertisement