പാസഞ്ചേഴ്സ് അസോസിയേഷന്റെ ഓഫർ: പെർള -കുമളി ബസിൽ സമ്മാനമുണ്ട്

Friday 17 September 2021 11:55 PM IST

വെള്ളരിക്കുണ്ട്: പെർളയിൽ നിന്ന് കുമളിയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിൽ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഒട്ടേറെ സമ്മാനങ്ങൾ. ഓൺലൈൻ ദീർഘ ദൂരയാത്രക്കാരെ ലക്ഷ്യമിട്ടാണ് മലയോരമേഖല പാസഞ്ചേഴ്‌സ് അസോസിയേഷൻ വക ഈ സമ്മാന പദ്ധതി.

യാത്രക്കാരെ ബസിലേക്ക് ആകർഷിക്കാനും ഓൺലൈൻ ബുക്കിംഗ് സംവിധാനം വർദ്ധിപ്പിക്കുവാനുമാണ് ലക്ഷ്യം. കാസർകോട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലയിലെ ബദിയടുക്ക, മള്ളേരിയ, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ, ആലക്കോട്, കരുവഞ്ചാൽ, ഒടുവള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇടുക്കി ജില്ലയിലെ കുമളി, കട്ടപ്പന, ഇടുക്കി, ചെറതോണി, ചേലച്ചുവട് എന്നീ സ്ഥലങ്ങളിൽ നിന്നും 350 രൂപക്ക് മുകളിലുള്ള തുകയ്ക്ക് ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്ത യാത്രക്കാരുടെ മൊബൈൽ നമ്പർ നറുക്കിട്ട് ഓരോ ഭാഗ്യശാലികളെ ഇടയ്ക്കിടെ തിരഞ്ഞെടുത്ത് സർപ്രൈസ് ഗിഫ്റ്റ് നൽകുന്നതാണ് പദ്ധതി. ഇന്നലെ ആരംഭിച്ച പദ്ധതി ഒരു മാസം നീളും. ഈ സർവീസിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം തരുന്ന രണ്ട് ജീവനക്കാർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നുണ്ട്.

പെർളയിൽ നിന്ന് ഉച്ചയ്ക്ക് 01.30ന് പുറപ്പെട്ട് 03.00ന് കുറ്റിക്കോൽ, 04.40ന് ചെറുപുഴ, 05.10ന് ആലക്കോട് എന്നിങ്ങനെയാണ് 7.00ന് കണ്ണൂരിലെത്തുന്ന സമയം. കോഴിക്കോട്, തൃശൂർ, കോതമംഗലം, ഇടുക്കി, കട്ടപ്പന വഴിയാണ് കുമളിയിലേക്കുള്ള സർവീസ്.
കാഞ്ഞങ്ങാട്-ബാംഗ്ലൂർ സർവീസിന് ഇത്തരത്തിൽ സമ്മാനപദ്ധതി ആവിഷ്‌കരിച്ചത് വൻ വിജയമായിരുന്നു.
വേറിട്ട സമ്മാനപദ്ധതികൾ മറ്റ് കെ.എസ്.ആർ.ടി.സി ബസുകളിലും നടത്തുമെന്ന് കൺവീനർ എം.വി. രാജു അറിയിച്ചു. കാസർകോട്, കണ്ണൂർ ജില്ലയിലുള്ളവർക്ക് ഭീമനടിയിലോ ചെറുപുഴയിലോ വച്ച് സമ്മാനം നൽകും. ഈ ജില്ലകളിൽ നിന്ന് പുറത്തുള്ളവർക്ക് സമ്മാനം ലഭിച്ചാൽ ജീവനക്കാർ മുഖേന സമ്മാനമെത്തിക്കും.

Advertisement
Advertisement