സ്ത്രീകൾക്ക് കവചമായി വിജിലന്റ് ഗ്രൂപ്പ്

Friday 17 September 2021 11:59 PM IST

ആലപ്പുഴ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും അവർക്ക് തുണയാകാനും കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പുകൾ ജില്ലയിൽ പ്രവർത്തനം ശക്തമാക്കി. തദ്ദേശ സ്ഥാപന വാർഡുകൾ അടിസ്ഥാനമാക്കി ജാഗ്രതാ സമിതികളുമായി ചേർന്നാണ് പ്രവർത്തനം.

വാർഡംഗം, സി.ഡി.എസ് അംഗം, പൊതുപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, സന്നദ്ധ പ്രവർത്തർ എന്നിവരടങ്ങുന്നതാണ് സംഘം. ഒരോ വാർഡിലും അഞ്ച് മുതൽ പത്തുപേർ വരെ സംഘത്തിലുണ്ടാകും. അതിക്രമങ്ങളോ ചൂഷണങ്ങളോ നേരിടുന്ന അയൽവാസികളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ വിജിലന്റ് ഗ്രൂപ്പുകളെ വിവരം അറിയിക്കാം. അതാത് തദ്ദേശ സ്ഥാപനം മുഖേനയോ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് മുഖേനയോ വേണം ഗ്രൂപ്പുകളുമായി ബന്ധപ്പെടാൻ.

വിവിധ സന്നദ്ധ - സേവന സംവിധാനങ്ങളുടെ എല്ലാ സഹായങ്ങളും ഗ്രൂപ്പിലൂടെ ലഭ്യമാകും. കൂടാതെ അതിക്രമം തടയുന്നതിനുള്ള കാമ്പനുകളും പ്രതിരോധ പ്രവർത്തനങ്ങളും ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരെയും വിജിലന്റ്‌സ് ഗ്രൂപ്പ് ജാഗരൂകരാണ്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ എന്നിവർ അദ്ധ്യക്ഷരായി രൂപീകരിച്ച സമിതിയിൽ സന്നദ്ധപ്രവർത്തകരോടൊപ്പം പൊലീസ്, എക്‌സൈസ്, അഭിഭാഷകർ എന്നിവരും ഉൾപ്പെടുന്നു.

 ജില്ലയിൽ വിജിലന്റ് ഗ്രൂപ്പുകൾ: 80

ലക്ഷ്യം

1. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം പ്രതിരോധിക്കുക

2. ചൂഷണം നേരിടുന്നവർക്ക് കുടുംബശ്രീ സേവന സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി സഹായം നൽകുക

3. സ്ത്രീ ​- ശിശു സൗഹൃദ പ്രാദേശിക ഇടങ്ങൾ സൃഷ്ടിക്കുക

പ്രവർത്തനം

1. കമ്മ്യൂണിറ്റി കൗൺസലിംഗിന് സഹായകമാവുന്ന പ്രവർത്തനങ്ങൾ പ്രാദേശികമായി നടപ്പാക്കുക

2. സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ പ്രാദേശിക ഘടകമായ ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് പ്രാദേശിക പിന്തുണ ഉറപ്പാക്കുക

3. കുടുംബശ്രീ നടപ്പാക്കുന്ന സ്നേഹിത കോളിംഗ് ബെൽ പദ്ധിതിയിൽ പരിശീലനം, സർവേ മോണിറ്ററിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക

4. പ്രാദേശിക സർക്കാരുകൾ നടപ്പാക്കുന്ന സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ - ത്രിതല സംഘടനാ സംവിധാനത്തിന് പിന്തുണ നൽകുക

''

വിജിലന്റ് ഗ്രൂപ്പ് പ്രവർത്തനങ്ങളും രൂപീകരണവും വാർഡ് തലത്തിൽ കാര്യക്ഷമായി നടന്നുവരുന്നു. അടുത്തിടെയാണ് പ്രവർത്തനം ഊർജിതമായത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കും. വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾക്ക് ജില്ലാ തലത്തിൽ പരിശീലനം നൽകുന്നുണ്ട്.

അമ്പിളി, പ്രോഗ്രാം ഓഫീസർ

Advertisement
Advertisement