നെല്ലിയമ്പത്തെ ഇരട്ടക്കൊല: മുഖ്യപ്രതി അറസ്റ്റിൽ
മാനന്തവാടി: വയനാട് നെല്ലിയമ്പത്ത് വൃദ്ധദമ്പതിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. ജൂൺ 10നാണ് റിട്ടയേർഡ് അദ്ധ്യാപകനായ നെല്ലിയമ്പത്ത് പദ്മാലയത്തിൽ കേശവൻ (75) ഭാര്യ പത്മാവതിയമ്മ എന്നിവർ കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയായ അർജുനാണ് അറസ്റ്റിലായത്. ഈ മാസം 10ന് ചോദ്യം ചെയ്യലിനായി അർജുനെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ അർജുൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയും അടിവസ്ത്രത്തിൽ ഒളിപ്പിരുന്ന എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അർജുൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷണ ശ്രമത്തിനിടെയാണ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയതെന്ന് അർജുൻ പൊലീസിനോട് സമ്മതിച്ചു. പ്രദേശവാസിയുടെ മൊബൈൽ മോഷ്ടിച്ചതിനും അർജുനെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിലും ചെന്നൈയിലും ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ, ലോക്ക് ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. കൊവിഡിനെ തുടർന്ന് ജോലി നഷ്ടമായതോടെ നാട്ടിലെത്തി മറ്റ് ജോലികൾ ചെയ്തുവരികയായിരുന്നു. രാത്രി 8.30ഓടെയായിരുന്നു ആക്രമണം നടന്നത്. ബഹളം കേട്ടെത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തുവച്ച് തന്നെ കേശവൻ മരിച്ചു. പദ്മാവതിയമ്മ അടുത്ത ദിവസം രാവിലെ മരിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ആയിരത്തോളം പേരെ ചോദ്യം ചെയ്തു.