പ്രപഞ്ച രഹസ്യത്തിന്റെ മാന്ത്രിക താക്കോൽ

Saturday 18 September 2021 1:22 AM IST

തിരുവനന്തപുരം: ലോകത്തെ ഏറ്റവും മികച്ച 25 സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞരിൽ മലയാളിക്ക് അഭിമാനിക്കാവുന്ന ഒരാളെയാണ് താണുപത്മനാഭന്റെ വേർപാടോടെ നഷ്ടമായത്. സി.വി.രാമന് ശേഷം ഇന്ത്യ ലോകത്തിന് നൽകിയ ശാസ്ത്ര പ്രതിഭയായിരുന്നു താണുപത്മനാഭൻ. ക്വാണ്ടം ഗ്രാവിറ്റിയിലും പ്രാപഞ്ചിക സ്ഥിരാങ്കത്തിലും അതുല്യസംഭാവനകൾ നൽകിയ താണുപത്മനാഭൻ കൂടുതൽ പ്രിയങ്കരനാകുന്നത് ശാസ്ത്രത്തെ ജനകീയവൽക്കരിച്ചതിലൂടെയാണ്.

മനുഷ്യന് അത്ഭുതമായ പ്രപഞ്ചരഹസ്യങ്ങൾ തുറക്കാനുള്ള മാന്ത്രിക താക്കോൽ ലോകത്തിന് സമ്മാനിച്ചത് താണുപത്മനാഭനാണ്. കോസ്‌മോളജിയിൽ ഗവേഷകയായ മകൾ ഹംസ പത്മനാഭനുമായി ചേർന്ന് അവതരിപ്പിച്ച ശാസ്ത്രപ്രബന്ധം പ്രാപഞ്ചിക രഹസ്യത്തിന്റെ മാന്ത്രിക താക്കോലായാണ് അറിയപ്പെടുന്നത്. പ്രപഞ്ചം മുന്നോട്ടാണ് പോകുന്നത്. അതിന്റെ വേഗത കൂടാം, കുറയാം, അതേപോലെ മുന്നോട്ട് പോകാം. ഇത് നിർണ്ണയിക്കുന്നത് എന്താണെന്നാണ് താണുപത്മനാഭന്റെ കണ്ടെത്തൽ. പ്രപഞ്ചം പിന്നാക്കം പോകുന്നതായി സങ്കൽപിച്ചാൽ മഹാവിസ്ഫോടനത്തിൽ എത്തും. അത് താണുപത്മനാഭന്റെ ഭാഷയിൽ അവസ്ഥാമാറ്റമാണ്. മഞ്ഞ് വെള്ളമാകുന്നത് പോലെ. അങ്ങനെ മാറുമ്പോഴും അതിലെ തൻമാത്രകളുടെ എണ്ണം മാറുന്നില്ല.ന്യൂട്ടൺ കണ്ടെത്തിയ ഗുരുത്വാകർഷണം,പ്രകാശത്തിന്റെ വേഗം,ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്ളാങ്ക് സ്ഥിരാങ്കം തുടങ്ങി പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന മൂന്ന് സ്ഥിരാങ്കങ്ങൾക്ക് പുറമെ താണുപത്മനാഭൻ കണ്ടെത്തിയ നാലാമത്തെ പ്രാപഞ്ചിക സ്ഥിരാങ്കവും ലോകം അംഗീകരിച്ചു. ഇവ നാലും കൂട്ടുമ്പോൾ ഡയമെൻഷനില്ലാത്ത ഒരു പ്രാപഞ്ചിക അളവ് കിട്ടുമെന്ന് താണുപത്മനാഭൻ തെളിയിച്ചു. ഒന്നിനെ ഒന്നു കഴിഞ്ഞ് 123 പൂജ്യം ഇട്ടാൽ കിട്ടുന്ന സംഖ്യകൊണ്ട് ഭാഗിച്ചാൽ കിട്ടുന്ന സംഖ്യയ്ക്ക് തുല്യമാണ് ഈ സ്ഥിരാങ്കം.ഇതിന്റെ തുടർ ഗവേഷണങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ അകാല വിയോഗം.

ഗുരുത്വാകാർഷണ സിദ്ധാന്തം ആറ്റം പോലുള്ള സൂഷ്മകണങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന ഗവേഷണമാണ് ക്വാണ്ടം ഗ്രാവിറ്റിയിൽ താണുപത്മനാഭന്റെ ആദ്യ സംഭാവന. പിന്നീടാണ് അദ്ദേഹം അസ്ട്രോ ഫിസിക്സിലേക്ക് തിരിഞ്ഞത്. അസ്ട്രോ ഫിസിക്സിൽ പി.എച്ച്.ഡി.ക്കാരാണ് അദ്ദേഹവും ഭാര്യ വാസന്തിയും മകൾ ഹംസയും.

ഗഹനമായ ശാസ്ത്രസംഭാവനകൾക്ക് പുറമെ താണുപത്മനാഭന്റെ ആവേശം അത് ജനകീയവൽക്കരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. പോപ്പുലർസയൻസിൽ നൂറിലേറെ ലേഖനങ്ങൾ, മുന്നൂറിലേറെ പ്രഭാഷണങ്ങൾ. 2009ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി ആചരിച്ചപ്പോൾ ഇന്ത്യയിൽ കമ്മിറ്റി ചെയർമാൻ താണു പത്മനാഭനായിരുന്നു. സ്കൂൾ വിദ്യാർത്ഥികളിൽ ഫിസിക്സിന്റെ ആവേശമെത്തിക്കാൻ " ദി സ്റ്റോറി ഒാഫ് ഫിസിക്സ്" എന്ന കോമിക് സ്ട്രിപ്പ് പരമ്പരയും തയ്യാറാക്കി. അത് ഇന്ത്യയിലെ എല്ലാഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്റർനാഷണൽ അസ്ട്രോണോമിക്കൽ യൂണിയന്റെ കോസ്മോളജി കമ്മിഷൻ ചെയർമാൻ, ഇന്റർനാഷണൽ യൂണിയൻ ഒാഫ് പ്യുവർ ആൻഡ് അപ്ളൈഡ് ഫിസിക്സ് കമ്മിഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

"ഒരുഗായകൻ പാടുന്നത് പോലെയോ, ഒരു കലാകാരൻ ചിത്രം വരയ്ക്കുന്നത് പോലെയോ,ഒരു നർത്തകൻ നൃത്തം ചെയ്യുന്നത് പോലെയോ ആണ് പ്രപഞ്ച രഹസ്യം കണ്ടെത്തുമ്പോൾ കിട്ടുന്ന നിർവൃതി. അത് തന്നെയാണ് ഇൗ ജൻമത്തിന്റെ സായൂജ്യവും."

--താണുപത്മനാഭൻ

Advertisement
Advertisement