വനിതാ മന്ത്രാലയത്തിൽ സ്ത്രീകൾക്ക് വിലക്ക് പുരുഷന്മാർ മാത്രം മതിയെന്ന് താലിബാൻ

Saturday 18 September 2021 2:12 AM IST

കാബൂൾ: അഫ്ഗാനിൽ അധികാരത്തിലെത്തിയതോടെ സ്ത്രീവിരുദ്ധ നടപടികൾ കടുപ്പിച്ച് താലിബാൻ സർക്കാർ. ഇതനുസരിച്ച് കാബൂളിലെ വനിതാ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന വനിത ജീവനക്കാർക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭീകരർ. മന്ത്രാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പുരുഷന്മാരെ മാത്രമേ പ്രവേശിപ്പിക്കൂവെന്നാണ് പുതിയ നിയമം. മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന 4 വനിത ജീവനക്കാർക്ക് പ്രവേശനം നിഷേധിച്ചതതിനെ തുടർന്ന് ഇവർ മന്ത്രാലയത്തിന് സമീപം പ്രതിഷേധം നടത്താനൊരുങ്ങുകയാണെന്നാണ് വിവരം.

ഇസ്ലാം മതം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് നൽകുമെന്ന് താലിബാൻ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ദിനംപ്രതി സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്.രാജ്യത്ത് 400ഓളം കായിക ഇനങ്ങളിൽ പുരുഷന്മാർക്ക് പങ്കെടുക്കാമെന്ന് പ്രഖ്യാപിച്ച താലിബാൻ ഇവയിലൊന്നിലും പങ്കെടുക്കാൻ സ്ത്രീകൾക്ക് ഇതുവരെ അനുമതി നല്കിയിട്ടില്ല. രാജ്യത്ത് ആരോഗ്യ പ്രവർത്തകരുടെ കുറവ് മൂലം ആരോഗ്യ മേഖലയിൽ ജോലി ചെയ്യാനുള്ള അനുമതി താലിബാൻ നല്കിയിട്ടുണ്ട്. സ്ത്രീകൾക്ക് ജോലി ചെയ്യാൻ തടസമുണ്ടാകില്ലെന്ന് പറയുമ്പോഴും പല സ്ഥാപനങ്ങളും താലിബാൻ ആക്രമണം ഭയന്ന് സ്ത്രീകളെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം 6 മുതൽ 12 വരെ ക്ലാസുകളിലുള്ള എല്ലാ പുരുഷ അദ്ധ്യാപകരും ആൺകുട്ടികൾക്കും ഇന്ന് മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

എന്നാൽ പെൺകുട്ടികളുടെ കാര്യത്തെക്കുറിച്ച് ഈ അറിയിപ്പിൽ പ്രതിപാദിച്ചിട്ടില്ല. ഇത് വ്യാപകമായ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. 1 മുതൽ 6 വരെയുള്ള പെൺകുട്ടികൾക്ക് പഠിക്കാനുള്ള അനുമതി നേരത്തെ നല്കിയിട്ടുണ്ട്.

Advertisement
Advertisement