ജയിൽ ചാടിയാൽ ഇനി നായ പിടിക്കും !! ജയിലുകളിൽ കാവലിന് നായ്‌ക്കളും

Saturday 18 September 2021 2:17 PM IST

തിരുവനന്തപുരം: ജയിൽ ചാട്ടത്തിനും കഞ്ചാവോ ലഹരി മരുന്നുകളോ തടവറകളിലെത്തിക്കാനും പദ്ധതിയിടുന്നവർ ജാഗ്രതൈ!! ചാടിയാൽ നിങ്ങളെ നായകൾ പിടിച്ചതു തന്നെ. വെറും നായകളല്ല,​ പ്രത്യേക പരിശീലനം സിദ്ധിച്ച നായ്‌ക്കൾ. പൂജപ്പുര സെൻട്രൽ ജയിലിലും അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും തടവുകാർ ചാടിപ്പോയ സാഹചര്യത്തിലാണ് ജയിൽ സുരക്ഷ ശക്തമാക്കാൻ വകുപ്പ് തീരുമാനിച്ചത്.

 ആദ്യം പൂജപ്പുരയിലും കാക്കനാട്ടും

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലും എറണാകുളംം കാക്കനാട് ജില്ലാ ജയിലിലുമാണ് ശ്വാനപ്പട സുരക്ഷ ഒരുക്കുക. പൂജപ്പുര ജയിലിൽ സുരക്ഷയ്‌ക്കായുള്ള രണ്ട് ലാബ്രഡോർ നായ്‌ക്കുട്ടികൾ തൃശ‌ൂർ പൊലീസ് അക്കാഡമിയിലെ ഡോഗ് ട്രെയിനിംഗ് സെന്ററിൽ പരിശീലനത്തിനെത്തിക്കഴിഞ്ഞു. കാക്കനാട് ജയിലിലേക്കുള്ള മൂന്ന് നായ്‌ക്കുട്ടികൾ കൂടി എത്തിയാൽ പരിശീലനം തുടങ്ങും.

ലഹരി വസ്തുക്കളുൾപ്പെടെ നിരോധിത സാധനങ്ങൾ മണത്ത് കണ്ടെത്താനും ജയിൽ ചാട്ടക്കാരെയും അതിക്രമിച്ചെത്തുന്നവരെയും അറ്റാക്ക് ചെയ്യാനുമാണ് പരിശീലിപ്പിക്കുക. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഫോണും ബാറ്ററിയും മറ്റും ഒളിപ്പിച്ച് കടത്തുന്നത് കണ്ടെത്താനും പരിശീലിപ്പിക്കും. ഒമ്പത് മാസമാണ് പരിശീലന കാലാവധി. രാത്രിയിലാണ് നായ്‌ക്കളെ ജയിലിന്റെ കാവലേൽപ്പിക്കുക. ജയിൽ വളപ്പിൽ സദാ കറങ്ങി നടക്കുന്ന ഇവ അസമയത്ത് നിഴലനങ്ങിയാൽപ്പോലും കുരച്ച് ഹാന്റ്ലർമാർക്കും ജയിൽ വാ‌ർഡൻമാർക്കും മുന്നറിയിപ്പ് നൽകും. തടവുചാട്ടം,​ അപരിചിതരുടെ സാന്നിദ്ധ്യം,​ മറ്റ് അപായ ഭീഷണികൾ എന്നിവ കണ്ടെത്താനും പരിശീലിപ്പിക്കും. കുറ്റകൃത്യങ്ങൾക്ക് അനുസരിച്ച് തടവുകാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജയിൽ ജീവനക്കാരുടെ പരിമിതിയെ മറികടക്കാനാണ് പരിശീലനം സിദ്ധിച്ച നായ്ക്കളെ കാവലേൽപ്പിക്കാൻ ആലോചിച്ചത്. മൂന്ന് നായ്ക്കുട്ടികളെ കൂടി ഏതാനും ദിവസങ്ങൾക്കകം ലഭ്യമാക്കുന്നതോടെ പരിശീലനം ആരംഭിക്കും. നായ്ക്കളെ പാർപ്പിക്കാനുള്ള സൗകര്യവും രണ്ട് ജയിലുകളിലും ഉടൻ സജ്ജമാകും. പദ്ധതി വിജയപ്രദമാണെന്ന് കണ്ടാൽ സുരക്ഷാ ഭീഷണിയുള്ള മറ്റ് ജയിലുകളിലും പദ്ധതി വ്യാപിപ്പിക്കും.

ജയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം സിദ്ധിച്ച നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്. പത്ത് മാസത്തിനകം ഇവ പരിശീലനം പൂർത്തിയാക്കി ജയിലുകളിൽ കർമ്മനിരതരാകും. ജയിലുകളിൽ ലഹരി ഉപയോഗം കുറയ്ക്കാനും പദ്ധതി പ്രയോജന പ്രദമാകുമെന്നാണ് കരുതുന്നത്

ഐ.ജി, ജയിൽ വകുപ്പ്. തിരുവനന്തപുരം