പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ക്യാപ്ടൻ ഒഴിഞ്ഞു, അമരീന്ദർ സിംഗ് രാജിക്കത്ത് കൈമാറി

Saturday 18 September 2021 4:57 PM IST

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജി സമർപ്പിച്ചു. ഗവർണർക്കാണ് രാജിക്കത്ത് കൈമാറിയത് പാർട്ടിക്കുള്ളിൽ നിന്നുള്ള അപമാനം സഹിച്ച് തുടരാൻ സാധിക്കില്ലെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ച ശേഷമാണ് രാജി. ഏറെ നാളായി പഞ്ചാബിൽ കോൺഗ്രസ് രാഷ്ട്രീയം കലുഷിതമായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചാബിലെ കോൺഗ്രസ് എം എൽ എമാരുടെ യോഗത്തിൽ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറിനിൽക്കണമെന്ന് ആവശ്യമുയർന്നതിനെ തുടർന്നാണ് രാജിയെന്നാണ് സൂചന. നാല് മന്ത്രിമാർ ഉൾപ്പടെ നാൽപ്പത് എം എൽ എമാരാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കമാൻഡിനെ സമീപിച്ചത്. 117 അംഗ നിയമസഭയിൽ എൺപത് അംഗങ്ങളാണ് കോൺഗ്രസിനുള്ളത്.

കോൺഗ്രസ് എം എൽ എമാരിൽ നിന്നും അടിക്കടി ഇത്തരത്തിലുള്ള അപമാനം നേരിടേണ്ടി വരുന്നത് തനിക്ക് തന്നെ ക്ഷീണമാണെന്നും അതിനാൽ താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്നും അമരീന്ദർ സോണിയയെ അറിയിച്ചിട്ടുണ്ട്. അധികാരത്തിൽ വന്ന ശേഷം ഇത് മൂന്നാം തവണയാണ് കോൺഗ്രസ് എം എൽ എമാർ യോഗം ചേർന്ന് അമരീന്ദറിന്റെ രാജി ആവശ്യപ്പെടുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അമരീന്ദറിനെതിരായി പാർട്ടിയിൽ നിന്ന് എതിർപ്പുകൾ ഉയരുന്നുണ്ടായിരുന്നു. ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ സിദ്ധുവായിരുന്നു പാർട്ടിയിൽ അമരീന്ദറിന്റെ പ്രധാന എതിരാളി. നിലവിൽ പഞ്ചാപ് പ്രദേശ് കോൺഗ്രസിന്റെ അദ്ധ്യക്ഷനാണ് സിദ്ധു. സുനിൽ ജഖാർ, മുൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ പ്രതാപ് സിംഗ് ബജ്വ, രവണീത് സിംഗ് ബിട്ടു എന്നിവരുടെ പേരുകളാണ് അടുത്ത പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.

Advertisement
Advertisement