കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് നിറുത്തി

Sunday 19 September 2021 12:14 AM IST

പഴയങ്ങാടി: പയ്യന്നൂരിൽ നിന്ന് പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ചെയിൻ സർവ്വീസ് നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിൽ. ലാഭനഷ്ടം നോക്കാതെ 2018 ഏപ്രിലിൽ തുടങ്ങിയ സർവ്വീസാണ് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്.

പയ്യന്നൂർ, കണ്ണൂർ ഡിപ്പോകളിൽ നിന്ന് 6 വീതം ബസ്സുകൾ ചെയിൻ സർവ്വീസ് നടത്തണമെന്ന ബോർഡിന്റെ ഉത്തരവ് നിലനിൽക്കെയാണ് സർവ്വീസ് പൂർണ്ണമായും ഇരു ഡിപ്പോകളും നിർത്തിവെച്ചത്. പഴയങ്ങാടി വഴിയുള്ള കെ.എസ്.ടി.പി റോഡ് മെക്കാഡം ചെയ്ത് ഗതാഗത യോഗ്യമാക്കിയപ്പോഴാണ് കണ്ണൂർ എം.എൽ.എയും മുൻമന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയും കല്യാശ്ശേരി, പയ്യന്നൂർ മുൻ എം.എൽ.എമാരും മുൻകൈയെടുത്ത് ചെയിൻ സർവ്വീസ് തുടങ്ങിയത്. തുടക്കത്തിൽ പയ്യന്നൂരിൽ നിന്ന് നാലും കണ്ണൂരിൽ നിന്ന് ആറും ബസ്സുകളാണ് സർവ്വീസ് നടത്തിയത്. എന്നാൽ ഇത് പലപ്പോഴായി ചുരുങ്ങി. ലാഭ നഷ്ടം നോക്കാതെ ചെയിൻ സർവ്വീസ് നടത്തണമെന്ന് ഇതിനിടയിൽ ബോർഡിന്റെ ഉത്തരവും ഇറങ്ങി. ആവശ്യത്തിന് ബസ്സുകൾ നൽകാമെന്ന് ബോർഡ് ഡിപ്പോകൾക്ക് ഉറപ്പും നൽകി. എന്നാൽ ബസ്സുകൾ ലഭിച്ചില്ലെന്നു മാത്രമല്ല ഓടിക്കൊണ്ടിരുന്ന പല ബസ്സുകളും കട്ടപ്പുറത്തുമായി.

ബസ്സുകൾ കട്ടപ്പുറത്ത് ആയതും ഡ്രൈവർമാരുടെ അഭാവവും മൂലം പയ്യന്നൂർ ഡിപ്പോയിൽ നിന്ന് പഴയങ്ങാടി വഴിയുള്ള ചെയിൻ സർവ്വീസ് ഓണത്തിന് മുമ്പുതന്നെ പൂർണ്ണമായും നിർത്തിയിരുന്നു. കണ്ണൂർ ഡിപ്പോയിൽ നിന്ന് രണ്ടു ബസ്സുകൾ അപ്പോഴും സർവ്വീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ലാതായി. മാടായിക്കാവിൽ നിന്ന് കാസർകോട്ടേക്കുണ്ടായിരുന്നു സ്പെഷ്യൽ ബസ്സും ഓട്ടം നിർത്തിയിരിക്കുകയാണ്.

Advertisement
Advertisement