പെരുമ്പാമ്പ് വിഴുങ്ങിയ ആടിനെ നാട്ടുകാർ മോചിപ്പിച്ചു

Sunday 19 September 2021 12:05 AM IST

ചെറുവത്തൂർ: മേയാൻ വിട്ട ആടിനെ പെരുമ്പാമ്പ് വിഴുങ്ങി. പാതി വിഴുങ്ങിയ ആടിനെ നാട്ടുകാർ പാമ്പിന്റെ വായിൽ നിന്ന് മോചിപ്പിച്ചുവെങ്കിലും അപ്പോഴേക്കും ജീവൻ പോയിരുന്നു. ചീമേനി അത്തൂട്ടി കിഴക്കേനിയിൽ മേയാൻ വിട്ട ആടിനെയാണ് ആറടി നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങിയത്.

കിഴക്കേനിയിലെ തമീമയുടെതാണ് ആട്. പതിവു പോലെ വീട്ടുപറമ്പിന് പരിസരത്ത് മേയാൻ വിട്ടതായിരുന്നു. സാധാരണയായി തിരിച്ചെത്താറുണ്ടെങ്കിലും വൈകിയതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോഴാണ് തലയടക്കം ഉടലിന്റെ പകുതിയിലേറെ ഭാഗം അകത്താക്കിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാർ പാമ്പുപിടിത്തക്കാരനെ വിവരമറിയിച്ച് വിഴുങ്ങിയ ആടിനെ പാമ്പിന്റെ വായിൽ നിന്നും പുറത്തെത്തിച്ചെങ്കിലും അത് ചത്തുപോയിരുന്നു. ആടിന് ഏകദേശം ഒരു വയസ്സ് പ്രായമുണ്ട്. ഇത്ര വലിയ പെരുമ്പാമ്പിനെ പരിസരത്ത് ആദ്യമായാണ് കാണുന്നതെന്നും ഇവ മനുഷ്യർക്കും അപകടകാരികളാണെന്നും പരിസരത്തെ മുതിർന്ന നാട്ടുകാർ പറഞ്ഞു. പിന്നീട് പാമ്പിനെ പിടികൂടി വനം വകുപ്പിനെ ഏല്പിച്ചു.

Advertisement
Advertisement