അമേരിക്കയ്‌ക്കൊപ്പം നിന്നതിന് പാകിസ്ഥാന് വലിയ വില നൽകേണ്ടി വന്നെന്ന് ഇമ്രാൻ ഖാൻ; അഫ്ഗാനിലെ പ്രശ്‌നങ്ങളുടെ പേരിൽ പഴിചാരിയത് വേദനിപ്പിച്ചു

Sunday 19 September 2021 12:34 AM IST

ഇസ്‌ലാമാബാദ്: അഫ്ഗാൻ അധിനിവേശത്തിൽ അമേരിക്കയ്‌ക്കൊപ്പം നിന്നതിന് പാകിസ്ഥാൻ വളരെ വലിയ വിലനൽകേണ്ടി വന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാനെ കുറ്റപ്പെടുത്തി അമേരിക്കൻ സെനറ്റർമാർ നടത്തിയ പരാമർശങ്ങൾ തന്നെ വേദനിപ്പിച്ചെന്നും ഖാൻ അഭിപ്രായപ്പെട്ടു. ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമേരിക്കയോടുള‌ള തന്റെ കടുത്ത അമർഷം ഖാൻ വ്യക്തമാക്കിയത്.

അഫ്ഗാനിൽ പരാജയപ്പെട്ട് പിൻവാങ്ങിയതിലു‌ള‌ള കുറ്റം അമേരിക്ക പാകിസ്ഥാനിൽ ചാരുകയാണെന്ന് ഇമ്രാൻ കുറ്റപ്പെടുത്തി. താലിബാനെ കൈയയച്ച് സഹായിക്കുന്ന പാകിസ്ഥാൻ നടപടിയെ വിമർശിച്ച അമേരിക്കൻ സെനറ്റർമാരുടെ അഭിപ്രായങ്ങളോടായിരുന്നു ഇമ്രാന്റെ പ്രതികരണം.

2001 സെപ്‌തംബർ 11ന് അമേരിക്കയിൽ വേൾ‌ഡ് ട്രേഡ് സെന്റർ ആക്രമണമുണ്ടായപ്പോൾ അന്ന് അധികാരത്തിലെത്തിയ പർവേസ് മുഷാറഫ് സഹായത്തിന് വേണ്ടി വിഷയത്തിൽ അമേരിക്കയെ പിന്തുണച്ചു. ഇത് തെറ്റായിപ്പോയെന്നാണ് ഇമ്രാൻ അഭിപ്രായപ്പെട്ടത്. ഇത് സോവിയറ്റ് അധിനിവേശത്തിനെതിരായി പാകിസ്ഥാൻ പരിശീലനം നൽകിയ മുജാഹിദ് സൈന്യത്തെ തങ്ങളുമായി അകറ്റിയെന്നും വിദേശ ശക്തികൾക്കെതിരെ പ്രതിരോധിക്കുന്ന വിശുദ്ധ യുദ്ധമായ ജിഹാദ് ആയിരുന്നു ഇതെന്നും ഇമ്രാൻ പറഞ്ഞു.