ആറ്റപ്പിള്ളി പാലം: അപ്രോച്ച് റോഡിലൂടെ താത്കാലിക ഗതാഗതത്തിന് രൂപരേഖയായി

Sunday 19 September 2021 12:49 AM IST
ആറ്റപ്പിള്ളി പാലം അപ്രോച്ച് റോഡിലൂടെ താത്കാലിക ഗതാഗതത്തിന് കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ രൂപരേഖ ഡയറക്ടർ എൻ.സുപ്രഭയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റുമാർ എറ്റുവാങ്ങുന്നു.

പുതുക്കാട്: ആറ്റപ്പിള്ളി പാലം അപ്രോച്ച് റോഡിലൂടെ താത്കാലിക ഗതാഗതത്തിന് രൂപരേഖയായി. കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ താൽക്കാലിക സംവിധാനത്തിന്റെ രൂപരേഖ പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത സുധാകരൻ, അശ്വതി വി.ബി എന്നിവർ ഡയറക്ടർ എൻ.സുപ്രഭയിൽ നിന്നും ഏറ്റുവാങ്ങി. ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള പീച്ചിയിലെ ജനപ്രതിനിധികളായ ടി.ജി അശോകൻ,റഷീദ് വാരിക്കോടൻ, സനല ഉണ്ണികൃഷ്ണൻ, കെ.ഇ.ആർ.ഐ ഉദ്യോഗസ്ഥരായ എൻ.ബീന, കെ.വി. ഉണ്ണികൃഷ്ണൻ, സജു വർഗീസ്, രാജി തമ്പാൻ, എസ്.ദീപ, സുഫീറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആറ്റപ്പിള്ളി റെഗലേറ്റർ കം ബ്രിഡ്ജിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സർവ്വകക്ഷി യോഗം ചേർന്നിരുന്നു. റോഡ് പുനർനിർമ്മാണത്തിന് കാലതാമസം വരുന്ന സാഹചര്യത്തിൽ താത്കാലിക ഗതാഗത സൗകര്യം ഒരുക്കണമെന്ന് യോഗത്തിൽ നിർദ്ദേശമുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് റോഡ് ടെസ്റ്റിനും മറ്റ് സുരക്ഷാ പരിശോധനകൾക്കും ശേഷം കെ.ഇ.ആർ.ഐ ഇതിനായി മാർഗരേഖ തയ്യാറാക്കിയത്. ഇറിഗേഷൻ വകുപ്പിന്റെ അനുമതിയും ഫണ്ടും ലഭ്യമാക്കി നിർമ്മാണം ആരംഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എം.എൽ.എ അറിയിച്ചു. ഏകദേശം പത്തുലക്ഷം രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.