യുപിയിൽ തിരിച്ചുവരുമോ കോൺഗ്രസ്; തിരഞ്ഞെടുപ്പിൽ യോഗിക്കെതിരെ പാർട്ടിയെ നയിക്കാൻ പ്രിയങ്കാ ഗാന്ധി

Sunday 19 September 2021 11:46 AM IST

ലക്‌നൗ: അടുത്തവർഷം ഉത്തർ പ്രദേശിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രിയങ്കാ ഗാന്ധിയാകും നയിക്കുകയെന്ന് കോൺഗ്രസ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള‌ള ബിജെപിക്കെതിരെ പ്രിയങ്കയാണ് കോൺഗ്രസിനെ നയിക്കുകയെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ആരാകും മുഖ്യമന്ത്രിയെന്ന് പ്രിയങ്ക തന്നെ തീരുമാനിക്കുമെന്ന് ഖുർഷിദ് അറിയിച്ചു.

പാർട്ടി നേതൃത്വമാറ്റത്തെക്കുറിച്ചുള‌ള ചോദ്യങ്ങൾക്ക് നിലവിൽ പാർട്ടിക്ക് ഒരു പ്രസിഡന്റുണ്ടെന്നും അവരിൽ പാർട്ടിയിലെ നേതാക്കൾക്കും പ്രവർത്തകർക്കും പൂർണ തൃപ്തിയുണ്ടെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. പാർട്ടിയുടെ പുറത്തുള‌ളവർക്കാണ് പാർട്ടി നേതൃത്വത്തെ കുറിച്ച് തൃപ്‌തിയില്ലാത്തത്. കോൺഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധി തന്നെ മടങ്ങിവരണമെന്ന് കോൺഗ്രസ് സമൂഹമാദ്ധ്യമ വിഭാഗം പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് സൽമാൻ ഖുർഷിദ് ഈ വിവരം അറിയിച്ചത്. മുൻപ് ഡൽഹി മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വവും ഇതേകാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാകും ഉത്തർ പ്രദേശിൽ തിര‌ഞ്ഞെടുപ്പ് നടക്കുക. 403 അംഗ നിയമസഭയിൽ 2017ൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസിന് വെറും 7 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ആകെ വോട്ടിന്റെ 39.67 ശതമാനവും ബിജെപി നേടി. സമാജ്‌വാദി പാർട്ടി 47 സീറ്റുകളും ബിഎസ്‌പി 19 സീറ്റുകളും നേടിയിരുന്നു.