പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം ട്വിസ്‌റ്റ്; രൺധാവെയ്‌ക്ക് പകരം ചരൺ സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കി ഹൈക്കമാന്റ്

Sunday 19 September 2021 6:28 PM IST

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജീന്തർ സിംഗ് രൺധാവയെ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് മണിക്കൂറുകൾക്കകം മാറ്റി കോൺഗ്രസ് വൃത്തങ്ങൾ. ചരൺ സിംഗ് ചന്നിയാണ് പുതിയ മുഖ്യമന്ത്രിയാകുകയെന്ന് ഹൈക്കമാന്റ് അറിയിച്ചു. രൺധാവയുടെ പേര് പ്രഖ്യാപിച്ചയുടൻ സിദ്ദു പ്രതിഷേധിക്കുകയും ചന്നിയെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് വിവരം. തുടർന്ന് ചന്നിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതായി സംസ്ഥാന ചുമതലയുള‌ള എഐസിസി സെക്രട്ടറി ഹരീഷ് റാവത്ത് അറിയിച്ചു.

ചന്നിയെ താൻ പിന്തുണയ്‌ക്കുന്നതായും എഐസിസി തീരുമാനം അംഗീകരിക്കുന്നതായും സുഖ്ജീന്തർ സിംഗ് രൺധാവെ അറിയിച്ചു. താനല്ല ആരാണ് മുഖ്യമന്ത്രിയെന്ന് വൈകാതെ അറിയാമെന്നായിരുന്നു ആദ്യം രൺധാവ അറിയിച്ചത്. പുതിയതായി രണ്ട് ഉപമുഖ്യമന്ത്രിമാരെയും തിരഞ്ഞെടുക്കും. ജാതിസമവാക്യങ്ങൾ പാലിച്ചാകും ഈ പേരുകൾ തിരഞ്ഞെടുക്കുകയെന്നാണ് വിവരം. ക്യാപ്റ്റൻ അമരീന്ദർ സിംഗ് സർക്കാരിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു 58കാരനായ ചന്നി. ചംകൗർ സാഹെബ് മണ്ഡലത്തിലെ എംഎൽഎയായ അദ്ദേഹം സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് നേതാവാണ്. 2015-16 സമയത്ത് പ്രതിപക്ഷ നേതാവായിരുന്നു ചന്നി.

പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെയോ, മുൻ പിസിസി അദ്ധ്യക്ഷൻ സുനിൽ ജഘറോ മുഖ്യമന്ത്രിയാകുമെന്ന് ആദ്യഘട്ട ആലോചന നടന്നു. പിന്നീട് വനിതാ മുഖ്യമന്ത്രിയാകും സംസ്ഥാനത്തുണ്ടാകുക എന്ന് വാർത്തകളുണ്ടായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണിയുടെ പേരാണ് ഉയർന്നുകേട്ടത്. എന്നാൽ അംബികാ സോണി സ്ഥാനം ഏറ്റെടുക്കാൻ വിമുഖത പ്രകടിപ്പിച്ചു. 2022 മാർച്ച് വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.