ബേക്കലിൽ ആവേശത്തിര

Monday 20 September 2021 12:20 AM IST
ബേക്കൽ ബീച്ച് പാർക്കിൽ അവധിദിനമായ ഞായറാഴ്ച ആഘോഷിക്കാൻ എത്തിയവരുടെ തിരക്കിൽ നിന്ന്

കാസർകോട്: കൊവിഡ് മുൻകരുതലിനെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്ന പാർക്കുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സർക്കാർ നിർദ്ദേശ പ്രകാരം വിനോദ സഞ്ചാരികൾക്ക് വേണ്ടി തുറന്നതോടെ അവധി ദിവസങ്ങൾ ആനന്ദകരമാക്കാൻ ജനങ്ങളുടെ ഒഴുക്ക്. വടക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ബേക്കൽ കോട്ടയും ബേക്കൽ ബീച്ച് പാർക്കും ഇന്നലെ അക്ഷരാർത്ഥത്തിൽ ഉത്സവപ്രതീതിയിലായിരുന്നു.

തദ്ദേശീയരായ ആളുകൾക്കൊപ്പം ദൂരെ സ്ഥലങ്ങളിൽ നിന്നും ബേക്കലിന്റെയും കടലിന്റെയും സൗന്ദര്യം ആസ്വദിക്കാൻ ആളുകൾ എത്തിയതോടെ ബീച്ചും പരിസരവും ഒന്നര വർഷം മുമ്പുണ്ടായ സ്ഥിതിയിലേക്ക് എത്തിപ്പെട്ട അവസ്ഥയിലായിരുന്നു. കളികളും വിനോദങ്ങളും തിരമാലകളെ ആസ്വദിച്ചും രാത്രിവരെയും വലിയ തിരക്കായിരുന്നു ബേക്കലിൽ.

ബേക്കൽ ജംഗ്‌ഷൻ മുതൽ ബീച്ച് വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു ഇന്നലെ. ബേക്കലിൽ നിന്നും ക്യൂവിൽ നിന്ന് മുക്കാൽ മണിക്കൂർ എടുത്താണ് കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കാറിൽ എത്തിയവർക്ക് പാർക്കിൽ എത്താൻ സാധിച്ചത്. അത്രയധികം സഞ്ചാരികൾ ഇന്നലെ ബേക്കലിലെത്തിയിരുന്നു.

പുതുമോടിയിൽ ബീച്ച് പാർക്ക്

ബി.ആർ.ഡി.സിയുടെ നിയന്ത്രണത്തിലുള്ള ബേക്കൽ ബീച്ചിലെ ടൂറിസ്റ്റ് പാർക്ക് പള്ളിക്കര സർവ്വീസ് സഹകരണ ബാങ്കാണ് ഇപ്പോൾ ഏറ്റെടുത്ത് നടത്തുന്നത്. മൂന്ന് വർഷത്തേക്ക് പാർക്കിന്റെ നടത്തിപ്പ് ചുമതല ബാങ്ക് ഏറ്റെടുത്തതിനു പിന്നാലെ അടച്ചിടൽ വലിയ നഷ്ടമായിരുന്നു നേരിട്ടത്. തുടർന്ന് പാർക്കിന്റെ നടത്തിപ്പിൽ ഇളവ് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ സർക്കാരിനെയും ടൂറിസം വകുപ്പിനെയും സമീപിച്ച് അടച്ചിടൽ കാലത്തിന് പകരമായി നടത്തിപ്പ് കാലാവധി നീട്ടികൊടുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എല്ലാവിധ മുൻകരുതലോടെയുമാണ് പാർക്കിലേക്ക് ആളുകളെ കടത്തിവിടുന്നത്. ബാങ്ക് ഏറ്റെടുത്തതോടെ ബീച്ച് പാർക്കിൽ അടിസ്ഥാന സൗകര്യങ്ങളും ദൃശ്യഭംഗിയും ഒരുക്കിയിരുന്നു.

Advertisement
Advertisement