രാഷ്ട്രീയപാർട്ടി രൂപീകരണം: മാതാപിതാക്കൾ അടക്കമുള്ളവർക്കെതിരെ വിജയ് കോടതിയിൽ
ചെന്നൈ: തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും യോഗം ചേരുന്നതിൽ നിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ വിലക്കണമെന്നാവശ്യപ്പെട്ട് നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ കേസ് നൽകി. വിജയ്‌യുടെ അച്ഛനും നിർമ്മാതാവുമായ എസ്.എ. ചന്ദ്രശേഖർ, അമ്മ ശോഭാ ചന്ദ്രശേഖർ, ആരാധക സംഘടനാ മുൻ എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവരടക്കം 11 പേർക്കെതിരെയാണ് പരാതി. കേസ് മദ്രാസ് ഹൈക്കോടതി 27ലേക്ക് മാറ്റി.
വിജയ്‌യുടെ പേരിൽ പുതിയ പാർട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭൻ പ്രഖ്യാപിച്ചിരുന്നു. വിജയ്‌യുടെ അച്ഛനും അമ്മയുമാണ് പാർട്ടിയുടെ ട്രഷറർമാർ. ഇതിനെതിരെ വിജയ് രംഗത്തെത്തി. തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാർട്ടി രൂപീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു നടന്റെ നിലപാട്.
ആരാധക സംഘടനയ്ക്ക് മത്സരിക്കാം
തമിഴ്നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരാധക സംഘടനയായ 'വിജയ് മക്കൾ ഇയക്കത്തിന്' അനുമതി നൽകി നടൻ വിജയ്. ഒമ്പത് ജില്ലകളിലെ ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടക്കുന്നത്. അംഗങ്ങൾ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചാരണരംഗത്തുണ്ടാകില്ല.
വിജയ്‌യുടെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാം. അംഗങ്ങൾ സ്വന്തം നിലയിൽ എന്നവിധം മത്സരിക്കണമെന്നാണ് നിർദ്ദേശം. ആദ്യഘട്ടത്തിൽ 128 പേർ മത്സരിച്ചേക്കും. ഒരു രാഷ്ട്രീയപ്പാർട്ടിയുമായും സഖ്യമുണ്ടാക്കില്ല.