ഇപ്പോൾ ഇവിടെ വന്നുപോയത് മോഹൻലാൽ തന്നെയല്ലേ,​ അവരുടെ സംശയത്തിന് ഉത്തരമില്ലായിരുന്നു,​ കുറിപ്പ്

Sunday 19 September 2021 10:03 PM IST

മലയാളത്തിന്റെ സൂപ്പർതാരമായ മോഹൻലാലിന്റെ വനയാത്രയെക്കുറിച്ചുള്ള അനുഭവം പങ്കുവച്ച് വാഗമണ്ണില ഋതംഭര സ്പിരിച്വൽ കമ്മ്യൂൺ വൈസ് ചെയർമാൻ ആർ. രാമാനന്ദ്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ വാഗമണ്ണിലെ പശുപ്പാറയിലെത്തിയ താരം കാടും മേടും മലയും , ഏല ചോലയും വനചോലയും വെള്ള ചാട്ടവുമെല്ലാം ഒരു കുഞ്ഞിന്റെ ഉത്സാഹത്തോടെ നടന്നു കണ്ടുവെന്ന് രാമാനന്ദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പ്രാതലിന് എന്ത് കരുതണം എന്ന് ചോദിച്ചപ്പോൾ ഒന്നും കരുതണ്ടെന്നും കഞ്ഞി എങ്കിൽ കഞ്ഞി എനിക്കു വേണ്ട് ഒരുക്കങ്ങൾ ഒന്നും വേണ്ടെന്നും മോഹൻലാൽ പറഞ്ഞതായി രാമാനന്ദ് എഴുതി.

ലാലേട്ടൻ വന്നു പോയപ്പോൾ എല്ലാവരും സംശയത്തോടെ ഇപ്പോൾ ഇവിടെ വന്നത് 'മോഹൻലാൽ' തന്നെയല്ലേ ? എന്നു ചോദിച്ചെന്നും എനിക്കിന്നും അതിനുത്തരമില്ലെന്ന് രാമാനന്ദ് കുറിച്ചു.

രാമാനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഏതാണ്ട് രണ്ടു മണിക്കൂർ ദൂരം ചുരം കയറി വാഗമൺ താണ്ടി പശുപാറയിൽ എത്തണം ലാലേട്ടന് കുളമാവിൽ നിന്ന് ഋതംഭര വരെ എത്താൻ. എന്നോട് ചോദിച്ചു എത്ര ദൂരം ഉണ്ടാകും ? ഞാൻ പറഞ്ഞു ഒരുപാട് ദൂരം ഉണ്ട് ലാലേട്ടാ , ഷൂട്ടിംഗ് തിരക്കിനിടയിൽ അത്ര ദൂരം സഞ്ചരിക്കണോ ? ഒരുപാട് ദൂരം എന്നുപറഞ്ഞാൽ എത്ര ദൂരം? രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ...? അതൊക്കെ ഇഷ്ടമുണ്ടെങ്കിൽ വരാമല്ലോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി....

ഇന്നായിരുന്നു ആ ദിനം... ഇന്നലെ വിളിച്ചു പറഞ്ഞു രാവിലെ ആറരയ്ക്ക് ഞാൻ ഇറങ്ങും എട്ടര ആകുമ്പോൾ എത്തും.. അപ്പൊ നമുക്ക് ഒരു നാലഞ്ച് മണിക്കൂർ അവിടെ ചിലവഴിക്കാൻ കിട്ടുമല്ലോ..

ശരി ലാലേട്ടാ.. പ്രാതലിന് എന്ത് കരുതണം ?

ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കിൽ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട !

ലാലേട്ടൻ കൃത്യസമയത്ത് എത്തി , പ്രാതലുണ്ടു , നമ്മുടെ മുഴുവൻ സ്ഥലവും കാടും, മേടും, മലയും , ഏല ചോലയും , വനചോലയും , വെള്ള ചാട്ടവും , നടന്നു കണ്ടു , എല്ലാ ദുർഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്റെ ഉത്സാഹവും , ആകാംഷയും , ചുറുചുറുക്കും കൊണ്ട് നടന്നു തീർത്തു ...

ഋതംഭരയുടെ ഭാവി വിലയിരുത്തി, ശ്രീനാഥ്ജിയെ (ചെയർമാൻ) ടെലികോൾ ചെയ്തു സുഖാന്വേഷണങ്ങൾ നടത്തി , ഋതംഭര കുടുംബത്തെ ചേർത്തുപിടിച്ചു ചിത്രങ്ങൾ എടുത്തു ... എല്ലാവരുമൊന്നിച്ച് ഊണു കഴിച്ചു ....ഇനി വരാനുള്ള സമയവും കുറിച്ച് തിരിച്ചു പോയി .....

ലാലേട്ടൻ വന്നു പോയപ്പോൾ എല്ലാവരും സംശയത്തോടെ എന്നോട് ചോദിച്ചു ....

ഇപ്പോൾ ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേ ?

എനിക്കിന്നും അതിനുത്തരമില്ല ....

സ്റ്റേഹം ലാലേട്ടാ ...

Advertisement
Advertisement