ഹോമിയോ ആശുപത്രികളിൽ മൂന്നിലൊന്നിലും സൂപ്രണ്ടില്ലാ ഭരണം

Sunday 19 September 2021 11:38 PM IST

തൃശൂർ : സൂപ്രണ്ട് തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴും സംസ്ഥാനത്തെ 30 ഹോമിയോ ആശുപത്രികളിൽ ഭൂരിഭാഗവും ഇൻ ചാർജ്ജ് ഭരണത്തിൽ. ഇതുമൂലം സീതാലയം, ജനനി, സദ്ഗമയ, പുനർജ്ജനി, ആയുഷ്മാൻ ഭവ തുടങ്ങിയ പദ്ധതികൾ നേരെ ചൊവ്വേ നടപ്പാക്കാനാകുന്നില്ല. മറ്റ് ഡോക്ടർമാർക്ക് അർഹതപ്പെട്ട പ്രമോഷൻ ലഭിക്കാനാകാതെ പോകുകയും ചെയ്യുന്നു. ഇൻ ചാർജ്ജ് ഭരണം ഭരണ മേഖലയിലും ചികിത്സാ രംഗത്തും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഡോക്ടർമാർ തന്നെ പരാതിപ്പെടുന്നു.30 ഹോമിയോ ആശുപത്രികളിൽ 19 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലാ ആശുപത്രി ഉൾപ്പെടെ കിടത്തി ചികിത്സയുള്ള ആശുപത്രികളിൽ പോലും സൂപ്രണ്ടുമാർ ഇല്ലാത്ത ജില്ലകളുമുണ്ട്. കൊവിഡ് കാലത്ത് ഹോമിയോപതി മേഖലയിലെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. പ്രതിരോധ മരുന്നു വിതരണത്തിന് ഉൾപ്പെടെ എല്ലാറ്റിനും ജൂനിയർ ഡോക്ടർമാരാണ് മേൽനോട്ടം വഹിക്കുന്നത്. ആലപ്പുഴ, ഇടുക്കി,പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട്, വയനാട് തുടങ്ങിയ ജില്ലകളിൽ സുപ്രണ്ട് തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. 20 കിടക്കകളുള്ള സ്ഥലങ്ങളിലാണ് സൂപ്രണ്ട് തസ്തികയുള്ളത്.


സൂപ്രണ്ടുമാരുടെ എണ്ണവും ഒഴിവും

തിരുവനന്തപുരം 4 -1
ആലപ്പുഴ 3 - 3
കാസർകോട് 3- 3

കൊല്ലം 3- 2

കോഴിക്കോട് 3 - 1

കോട്ടയം 3 - 1

എറണാകുളം 3 - 0
ഇടുക്കി 2- 2
മലപ്പുറം 2 - 2
തൃശൂർ 1 - 1
പാലക്കാട് 11
വയനാട് 1- 1
കണ്ണൂർ 1- 1

ഹോമിയോപതി വകുപ്പിലെ സാങ്കേതിക തടസം ഒഴിവാക്കി ഡി.എം.ഒ, സൂപ്രണ്ട്, ചീഫ് മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് അർഹരായ ഡോക്ടർമാർക്ക് പ്രമോഷൻ നൽകാനുള്ള നടപടി വേഗത്തിലാക്കണം.

ഡോ .എൽ.ബി. ശ്രീലത

സംസ്ഥാന പ്രസിഡന്റ്

ഗവ. ഹോമിയോ മെഡിക്കൽ ഓഫീസേഴ്‌സ് അസോ.

Advertisement
Advertisement