ബംഗളൂരുവിൽ ലഹരിപ്പാർട്ടി: നാല് മലയാളി യുവതികൾ ഉൾപ്പെടെ അറസ്റ്റിൽ

Monday 20 September 2021 12:00 AM IST

ബംഗളൂരു: ബംഗളൂരു അനേക്കലിലെ സ്വകാര്യ റിസോർട്ടിൽ ജംഗിൾ സഫാരിയുടെ മറവിൽ ലഹരിപ്പാർട്ടി നടത്തിയ കേസിൽ നാലു മലയാളി സ്ത്രീകൾ ഉൾപ്പെടെ 28 പേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. റഷ്യയിൽ നിന്നുള്ള മോഡലുകളെയെത്തിച്ച് നടത്തിയ ഡി.ജെ പാർട്ടിയിൽ നിരോധിക്കപ്പെട്ട ലഹരിമരുന്നുകൾ ഉപയോഗിച്ചതായി പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

ബംഗളൂരുവിലെ ഐ.ടി ജീവനക്കാരും കോളേജ് വിദ്യാർത്ഥികളുമാണ് പിടിയിലായ മലയാളികൾ. മൂന്ന് ആഫ്രിക്കൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവരിലേറെയും വിദ്യാർത്ഥികളാണ്. ഇവരെല്ലാവരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി.
കർഫ്യൂവും കൊവിഡ് നിയന്ത്രണങ്ങളും ശക്തമായി നിലനിൽക്കുന്ന കർണാടകയിൽ നിയന്ത്രണങ്ങൾ ലംഘിച്ചാണ് പാർട്ടി സംഘടിപ്പിച്ചത്. വലിയ അളവിൽ നിരോധിത ലഹരി മരുന്നുകളും റിസോർട്ടിൽ നിന്ന് കണ്ടെടുത്തു. 14 ബൈക്കുകൾ, ഏഴ് കാറുകൾ എന്നിവയും പിടിച്ചെടുത്തു. ജെ.ഡി.എസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.

Advertisement
Advertisement