അതായിരുന്നു മഹത്വത്തിന്റെ അടയാളമെങ്കിൽ രാഖി സാവന്ത് മഹാത്മാ ഗാന്ധിയേക്കാൾ വലിയ ആളാവുമായിരുന്നു, വിവാദപ്രസ്താവനയുമായി യു പി നിയമസഭാ സ്പീക്കർ
ലക്നൗ : രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ നടി രാഖി സാവന്തുമായി ഉപമിച്ച യു പി നിയമസഭ സ്പീക്കറുടെ വാക്കുകൾ വിവാദമായി. കഴിഞ്ഞ ദിവസം ബി ജെ പി സംഘടിപ്പിച്ച പ്രബുദ്ധ് വർഗ് സമ്മേളനത്തിലാണ് സ്പീക്കർക്ക് നാക്കുപിഴയുണ്ടായത്. ഒരാളുടെ മഹത്വത്തിന്റെ അളവുകോൽ എങ്ങനെ കണക്കാക്കാം എന്ന പ്രസംഗത്തിലാണ് സ്പീക്കർ ഗാന്ധിയെ നടി രാഖി സാവന്തുമായി ഉപമിച്ചത്. ഗാന്ധി അൽപ വസ്ത്രമാണ് ധരിക്കുന്നതെന്ന് നമുക്ക് അറിയാം ഒരു ധോത്തിയുണ്ടെങ്കിൽ അദ്ദേഹം അതുപയോഗിച്ച് ശരിരം പൊതിയുമായിരുന്നു, എന്നാൽ അൽപ വസ്ത്രമാണ് ഒരാളുടെ മഹത്വത്തിന്റെ അടയാളമായി കാണുന്നതെങ്കിൽ നടി രാഖി സാവന്ത്, മഹാത്മാ ഗാന്ധിയേക്കാൾ വലിയ ആളാണെന്ന് പറയേണ്ടി വരും എന്നാണ് സ്പീക്കർ പറഞ്ഞത്.
ഗാന്ധി ഉപമയ്ക്ക് പുറമേ ഒരു വിഷയത്തിൽ പുസ്തകമെഴുതിയതു കൊണ്ട് മാത്രം ഒരാളെ മഹാനായി കാണേണ്ടതില്ലെന്നും സ്പീക്കർ പറഞ്ഞു, ഞാൻ കുറഞ്ഞത് ആറായിരം പുസ്തകങ്ങളെങ്കിലും ഇതുവരെ വായിച്ചിട്ടുണ്ട്. പ്രസംഗത്തിൽ ഗാന്ധിയെ അപമാനിച്ചു എന്ന രീതിയിൽ സ്പീക്കറുടെ പ്രസംഗത്തിലെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതേതുടർന്ന് തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് സ്പീക്കർ ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്നെ മോഡറേറ്റർ പ്രബുദ്ധനായ എഴുത്തുകാരനാണെന്ന് പരിചയപ്പെടുത്തിയപ്പോൾ ചില പുസ്തകങ്ങൾ എഴുതുന്നതിലൂടെ ആരും ബുദ്ധിജീവിയാകില്ലെന്ന് പറയുകയാണ് ചെയ്തതെന്നും, തന്റെ പ്രസംഗം ശരിയായ അർത്ഥത്തിലെടുക്കണമെന്നും സ്പീക്കർ വിശദീകരിക്കുന്നു.