ഇരുന്ന് കഴിപ്പ് ഉടനെയില്ല, ഇവർക്ക് നിരാശ മാത്രം

Tuesday 21 September 2021 12:45 AM IST

കോട്ടയം : കൊവിഡിനെ തുടർന്ന് പ്രവർത്തനം പാതിയിലേറെ തടസപ്പെട്ട ഹോട്ടൽ ജീവനക്കാരും തൊഴിലാളികളും ആശങ്കയുടെ മുൾമുനയിൽ. രണ്ടു വർഷത്തിലേറെയായി തുടങ്ങിയ ദുരിതം എന്ന് തീരുമെന്നാണ് പലരും ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ ഹോട്ടലുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ലെങ്കിലും മറ്റെല്ലാ മേഖലകളിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ടൂറിസം വകുപ്പുമായി ചേർന്ന് ഹോട്ടൽ അസോസിയേഷൻ ഹോട്ടലിലെ മുഴുവൻ ജീവനക്കാർക്കും വാക്‌സിനെടുത്തു. ഈ സാഹചര്യത്തിൽ പകുതിയെങ്കിലും ആളുകളെ ഹോട്ടലിൽ അനുവദിക്കണമെന്ന ആവശ്യമാണ് അസോസിയേഷൻ നിവേദനമായി നൽകിയിരുന്നത്. എന്നാൽ, ഇത് അംഗീകരിക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല.

കൊവിഡിനു മുൻപ് തന്നെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ സർക്കാർ കൊണ്ടു വന്നിരിക്കുന്ന നിയന്ത്രണങ്ങൾ ഹോട്ടൽ മേഖലയെ പൂർണമായും തകർത്തുകളയുന്നതാണെന്നാണ് വ്യാപാരികൾ പറയുന്നത്. വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്നും, ഉപയോഗിച്ച വൈദ്യുതിയ്ക്കു മാത്രം ബിൽ നൽകണമെന്നും വെള്ളക്കരം ഒഴിവാക്കണമെന്നും അടക്കമുള്ള ഇളവുകൾ അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതും നടപ്പായിട്ടില്ല.

 തൊഴിലാളികളും പട്ടിണിയിൽ

ഇരുന്ന് കഴിപ്പ് അവസാനിപ്പിച്ചതിനാൽ സപ്ളൈമാർ, ക്ളീനിംഗ് തൊഴിലാളികൾ അടക്കമുള്ള നിരവധിപ്പേരുടെ തൊഴിൽ നഷ്ടപ്പെട്ടു. പാഴ്സൽ നൽകാൻ കുറച്ച് ജീവനക്കാ‌ർ മതിയെന്നതിനാൽ ചില ഹോട്ടലുകൾ ജീവനക്കാരെ പിരിച്ചുവിടാതെ നിശ്ചിത ദിവസാടിസ്ഥാനത്തിൽ തൊഴിൽ നൽകുകയാണ്.

ഒരിലയിൽ രണ്ടുപന്തി

കൊവി‌ഡ് പ്രതിസന്ധിയെ തുടർന്ന് ജില്ലയിൽ ഇതുവരെ അടച്ച് പൂട്ടിയത് നൂറിലേറെ ഹോട്ടലുകളാണ്. ജില്ലാ കളക്‌ടറേറ്റിലെയും, പൊലീസ് കാന്റീനിലും അടക്കം ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ മറ്റ് ഹോട്ടലുകൾക്ക് അനുവാദം നൽകണമെന്നാണ് ആവശ്യം.

Advertisement
Advertisement