ടൂറിസം ഉണർന്നു; മാലിന്യ നിക്ഷേപവും

Tuesday 21 September 2021 12:00 AM IST

ആലപ്പുഴ: ഇളവുകളിൽ ടൂറിസം മേഖല ഉണർന്നതോടെ വേമ്പനാട്ട് കായലിൽ ഉൾപ്പെടെ മാലിന്യ നിക്ഷേപം വീണ്ടും വർദ്ധിച്ചു. പൊതു ചടങ്ങുകൾ റിസോർട്ടുകളിലും ഹൗസ് ബോട്ടുകളിലും സംഘടിപ്പിക്കുന്നത് പതിവായിട്ടുണ്ട്. ഇതിനുശേഷം ഭക്ഷണാവശിഷ്ടടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ജലസ്രോതസുകളിൽ തള്ളുകയാണ്.

ലോക്ക് ഡൗൺ മൂലം ഏതാനും നാളുകളായി മാലിന്യ ഭീഷണി കായലുകളെയും മറ്റ് ജലാശയങ്ങളെയും ഉപദ്രവിച്ചിരുന്നില്ല. ഹൗസ് ബോട്ട് യാത്രയ്ക്ക് എത്തുന്ന സഞ്ചാരികൾ ഉൾപ്പെടെ മാലിന്യങ്ങൾ വലിച്ചെറിയുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം മാലിന്യ ശേഖരണത്തിന് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് സംവിധാനങ്ങൾ ഉണ്ടെന്നിരിക്കേ, ഇത്തരം പ്രവൃത്തികൾ ആവർത്തിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ക്ലീൻ കേരള സംരംഭത്തിൽ ആലപ്പുഴയെയും ഉൾപ്പെടുത്തിയിരുന്നെങ്കിലും വീണ്ടും കാര്യങ്ങൾ പഴയ പടിയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ്.

ഒഴുകിയെത്തും രോഗങ്ങൾ

1. പ്ലാസ്റ്റിക് പ്ലേറ്റും ഗ്ലാസും ഭക്ഷണാവശിഷ്ടവും കായലിൽ നിക്ഷേപിക്കുന്നു

2. നിയമലംഘനം നടത്തുന്നത് കായലോരങ്ങളിലെ ചില റിസോർട്ടുകൾ

3. കൃത്യമായ പരിശോധനകൾ ഇല്ലാത്തത് രക്ഷയാകുന്നു

4. മാലിന്യം ഒഴുകിയെത്തുന്നതിനാൽ പ്രദേശവാസികൾക്ക് രോഗഭീഷണി

""
കുറച്ചുനാൾ പരിപാടികളൊന്നും ഇല്ലാതിരുന്നതിനാൽ മാലിന്യത്തിന്റെ ശല്യം ഉണ്ടായിരുന്നില്ല. ചടങ്ങുകൾ പുനരാരംഭിച്ചതോടെയാണ് മാലിന്യ നിക്ഷേപവും തുടങ്ങി. കൊവിഡ് കാലത്ത് ഭക്ഷണ മാലിന്യങ്ങൾ ഉൾപ്പെടെ ഒഴുകിയെത്തുന്നത് രോഗഭീഷണി ഉയർത്തുന്നു.

ജോസഫ്, പുന്നമട

Advertisement
Advertisement