വീടുകളും മതിലുകളും പൊളിയില്ല : തെക്കിൽ ബൈപാസ് അലൈൻമെന്റ്‌ പുതുക്കും 

Monday 20 September 2021 10:12 PM IST

കാസർകോട്: തെക്കിൽ–- പെരുമ്പളക്കടവ്‌ ബൈപാസ്‌ നിർമ്മാണത്തിലെ എതിർപ്പ്‌ മറികടക്കാൻ പുതിയ അലൈൻമെന്റ്‌ തയ്യാറാക്കും.ഇന്നലെ രാവിലെ റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡവലപ്‌മെന്റ്‌ കോർപറേഷൻ ജനറൽ മാനേജർ ഐസക്‌ വർഗീസിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരെത്തി സി.എച്ച്.കുഞ്ഞമ്പു എം.എൽ.എയ്‌ക്കൊപ്പം പ്രദേശം സന്ദർശിച്ച ശേഷമാണ് പുതിയ അലൈൻമെന്റ്‌ തയ്യാറാക്കാൻ തീരുമാനിച്ചത്‌.

15 ദിവസത്തിനകം പുതിയ അലൈൻമെന്റ്‌ തയ്യാറാക്കി കൈമാറും. കിഫ്‌ബി ഫണ്ടിൽ 55 കോടി രൂപയാണ്‌ ബൈപാസിന്‌ അനുവദിച്ചിട്ടുള്ളത്‌. 12 വീടും രണ്ട്‌ മതിലുകളും പൊളിക്കേണ്ടി വരുമെന്നതിനാൽ റോഡ്‌ നിർമ്മാണത്തിനെതിരെ നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗം ചർച്ച ചെയ്‌താണ്‌ പുതിയ അലൈൻമെന്റ്‌ സാധ്യത പരിശോധിക്കാൻ തീരുമാനിച്ചത്‌.

ഡെപ്യൂട്ടി കലക്ടർ (ആർ.ഡി.ബി.സി) കെ .കെ. അനിൽകുമാർ, പ്രോജക്ട്‌ എൻജിനിയർ കെ. അനീഷ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ, വൈസ്‌ പ്രസിഡന്റ്‌ മൻസൂർ കുരിക്കൾ, പഞ്ചായത്തംഗങ്ങളായ കെ. കൃഷ്‌ണൻ, മറിയം മാഹിൻ, ആക്‌ഷൻ കമ്മിറ്റി കൺവീനർ എ .നാരായണൻ നായർ തുടങ്ങിയവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

എതിർപ്പ് പെരുമ്പള പാലത്തിന് സമീപം
തെക്കിലിൽനിന്നും പുഴയോരത്തുകൂടി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന റോഡിന്റെ പെരുമ്പള പാലത്തിന്‌ സമീപത്താണ് എതിർപ്പ് നേരിടേണ്ടിവന്നത്. ഇവിടെ വീടുകൾ ഒഴിവാക്കണമെങ്കിൽ 250 മീറ്ററോളം ഫ്‌ളൈ ഓവർ നിർമ്മിക്കേണ്ടിവരും. ഇതിന്‌ പത്തുകോടിയോളം വേണ്ടിവരുമെന്നതിനാൽ മറ്റു മാർഗമുണ്ടോയെന്നാണ് പരിശോധിക്കുക. പുതിയ അലൈൻമെന്റ്‌ തയ്യാറാക്കി ലഭിച്ചാലുടൻ സർക്കാരിന്‌ സമർപ്പിച്ച്‌ അംഗീകാരം നേടണം. തുടർന്ന്‌ തുകയിൽ വ്യത്യാസം വരുത്താതെ വീണ്ടും കിഫ്‌ബി അനുമതിയോടെ പുതിയ റോഡ്‌ നിർമ്മിക്കാമെന്നാണ്‌ കരുതുന്നതെന്ന്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ പറഞ്ഞു.

Advertisement
Advertisement