ഭീകരാക്രമണ പദ്ധതി: നീക്കങ്ങൾ വിദേശ നിർദ്ദേശമനുസരിച്ച്

Tuesday 21 September 2021 12:00 AM IST

ന്യൂഡൽഹി: വൻ നഗരങ്ങളിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം വിദേശത്ത് നിന്ന് ലഭിച്ചിരുന്ന നിർദ്ദേശങ്ങൾ പ്രകാരമാണ് നീങ്ങിയതെന്ന് മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) ഉദ്യോഗസ്ഥർ പറഞ്ഞു. മുംബയിൽ നിന്ന് അറസ്റ്റിലായ സാക്കിർ ഹുസൈൻ ഷേക്കിനെ ചോദ്യം ചെയ്‌തപ്പോഴാണ് ഇത്‌ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സാക്കിറിനെയും ഒപ്പം അറസ്റ്റിലായ റിസ്‌വാൻ ഇബ്രാഹിം മൊനിമിനെയും ഇന്നലെ കോടതി ഒക്ടോബർ നാലുവരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മുംബയ് ജോഗേശ്വരി സ്വദേശിയായ സാക്കിർ ഹുസൈൻ ഭീകരാക്രമണ പദ്ധതിയിടുന്നതായി എ.ടി.എസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ഇക്കഴിഞ്ഞ 18നാണ് ഇയാൾ പിടിയിലായത്. അതിർത്തിക്കപ്പുറത്ത് നിന്നുള്ള നിർദ്ദേശങ്ങൾ പ്രകാരമാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് ഇയാൾ വെളിപ്പെടുത്തി. സാക്കിർ നൽകിയ വിവരങ്ങളനുസരിച്ച് നടത്തിയ ഒാപ്പറേഷനിൽ തൊട്ടടുത്ത ദിവസം മുംബയ് നിന്നാണ് റിസ്‌വാൻ പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നിന്ന് നിരവധി രേഖകളും പിടിച്ചെടുത്തു. സാക്കിർ പിടിയിലായതറിഞ്ഞ് റിസ്‌വാൻ നശിപ്പിച്ച മൊബൈൽ ഫോൺ എ.ടി.എസ് വീണ്ടെടുത്തു. മൂന്നു കഷ്‌ണമാക്കി പൊട്ടിച്ചെറിഞ്ഞ ഫോൺ ഒരു അഴുക്കുചാലിൽ നിന്നാണ് കണ്ടെത്തിയത്.

Advertisement
Advertisement