നീറ്റ് പരീക്ഷാ ഘടനയിൽ മാറ്റം: കേന്ദ്രത്തിന് നോട്ടീസ്

Tuesday 21 September 2021 12:00 AM IST

ന്യൂഡൽഹി: നീറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷാ ഘടനയിൽ അവസാന നിമിഷം മാറ്റങ്ങൾ വരുത്തിയതിനെതിരെ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന പരീക്ഷയിലെ മാറ്റങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് രാജ്യത്തെ പല ഭാഗങ്ങളിൽ നിന്നുള്ള 41 പി.ജി ഡോക്ടർമാർ ഹർജി നൽകിയത്.


മാറ്റം വരുത്തിയ പരീക്ഷാഘടന അനുസരിച്ച് സൂപ്പർ സ്‌പെഷാലിറ്റി പ്രവേശന പരീക്ഷയുടെ മുഴുവൻ ചോദ്യങ്ങളും ജനറൽ മെഡിസിനിൽ നിന്നാണെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ധവാൻ ചൂണ്ടിക്കാട്ടി. നേരത്തെ ഇത് 40 ശതമാനമായിരുന്നു. അതിനാൽ ജനറൽ മെഡിസിനിൽ പി.ജി ചെയ്യാത്തവർക്കും പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നു. എന്നാൽ പുതിയ ഘടന അനുസരിച്ച് പരീക്ഷ ജനറൽ മെഡിസിൻ വിദ്യാർത്ഥികൾക്ക് അനുകൂലമായി മാറുന്ന സാഹചര്യമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.


നവംബർ 13,14 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ വിജ്ഞാപനം ജൂലായ് 23നാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ആഗസ്റ്റ് 31നാണ് പരീക്ഷയിലെ മാറ്റങ്ങൾ വ്യക്തമാക്കി പുതിയ അറിയിപ്പ് വന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Advertisement
Advertisement