പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ദേശീയ വനിതാ കമ്മിഷൻ

Monday 20 September 2021 10:39 PM IST

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റ ചരൺജിത് സിംഗ് ചന്നിക്കെതിരെ 2018ൽ വനിതാ ഐ.എ.എസ് ഓഫീസർ മീ ടൂ ആരോപണം ഉയർത്തിയത് ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ രംഗത്ത്. ചന്നി ഫോണിൽ മോശം സന്ദേശം അയച്ചെന്നായിരുന്നു വനിതാ ഐ.എ.എസ് ഓഫീസറുടെ പരാതി.

ആരോപണത്തിൽ ചന്നിക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ മന്ത്രിയായിരുന്ന ചന്നിക്കെതിരെ അമരീന്ദർ സിംഗ് നടപടിയെടുത്തില്ല. തുടർന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ മനീഷാ ഗുലാത്തി ധർണ നടത്തിയിരുന്നു. ഐ.എ.എസ് ഓഫീസർക്ക് നീതി നിഷേധിക്കപ്പെട്ടെങ്കിൽ സംസ്ഥാനത്തെ സാധാരണ വനിതകളുടെ അവസ്ഥയെന്താകുമെന്ന് രേഖാ ശർമ്മ ചോദിച്ചു.

ഒരു വനിത നേതൃത്വം നൽകുന്ന പാർട്ടി വനിതകൾക്ക് ഭീഷണിയായ ഒരാളെ മുഖ്യമന്ത്രിയാക്കിയത് ചതിയാണെന്നും ചന്നിക്കെതിരെ അന്വേഷണത്തിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഉത്തരവിടണമെന്നും രേഖാ ശർമ്മ ആവശ്യപ്പെട്ടു.