അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി മരിച്ച നിലയിൽ

Monday 20 September 2021 10:57 PM IST

ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ത് നരേന്ദ്രഗിരി മഹാരാജിനെ യു.പി പ്രയാഗ്‌രാജിലെ മഠത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. 72 വയസായിരുന്നു. അടച്ചിട്ട മുറിക്കുള്ളിൽ നൈലോൺ കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ആത്മഹത്യയാണോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും ചിലപേരുകൾ കുറിപ്പിൽ പരാമർശിക്കുന്നതായും റിപ്പോർട്ടുണ്ട്.

അദ്ദേഹം വിവിധ കാരണങ്ങളാൽ അസ്വസ്ഥനായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വിവരം. 'ഇതുവരെ ആത്മാഭിമാനത്തോടെയാണ് ജീവിച്ചത്. അപമാനിക്കപ്പെട്ട് ജീവിതം തുടരാനാനാഗ്രഹിക്കുന്നില്ലെന്ന്' അദ്ദേഹത്തിന്റെ എട്ടുപേജ് വരുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. കഴിഞ്ഞ ഏപ്രിലിൽ കൊവിഡ് ബാധിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അനുശോചിച്ചു.