മെയ്‌ഡ്‌ ഇൻ അന്നമനട: അന്നമനടയിൽ ഓരോ വീട്ടിലും ഒരു സംരംഭം പദ്ധതി

Monday 20 September 2021 11:54 PM IST

മാള: ചൈന മോഡലിൽ കർപ്പൂരം മുതൽ കംപ്യൂട്ടർ വരെയുള്ളവയുടെ നിർമ്മാണം ലക്ഷ്യമിട്ട്, ഓരോ വീട്ടിലും ഒരു സംരംഭം എന്ന പദ്ധതിയുമായി അന്നമനട പഞ്ചായത്ത് രംഗത്ത്. കൃഷി- വ്യവസായ മേഖലയിൽ അഞ്ച് വർഷത്തിനകം ആയിരത്തിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്.

ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ്, കാർഷിക സർവകലാശാല, കൃഷി, ഖാദി, ആർട്ടിസാൻസ് വികസന ബോർഡ്, നോർക്ക, കയർ വകുപ്പ്, ഫിഷറീസ്, ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, എം.എസ്.എം.ഇ, പിന്നാക്ക വികസന കോർപറേഷൻ തുടങ്ങിയവയുമായി പ്രാഥമിക ചർച്ച നടത്തി. സാമ്പത്തിക സഹായം ഉറപ്പാക്കാൻ ലീഡ് ബാങ്കുമായും ആദ്യഘട്ട ചർച്ച പൂർത്തിയായി.

എൻജിനീയറിംഗ് പൂർത്തിയാക്കിയ തൊഴിലില്ലാത്ത 34 വിവാഹിതരായ യുവതികളുണ്ടെന്നാണ് പഞ്ചായത്തിന്റെ കണ്ടെത്തൽ. പ്രവാസി കുടുംബങ്ങളിൽ 1000 പേരെങ്കിലും തൊഴിൽ നഷ്ടമായവരാണ്. 11 ഖാദി സംഘങ്ങളിലെ ഒമ്പതെണ്ണത്തിലെങ്കിലും ആധുനികവത്കരണം നടപ്പാക്കും. മിനി വ്യവസായ കേന്ദ്രം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭം തുടങ്ങാൻ വിട്ടുകൊടുക്കും. വിവിധ മേഖലകളിലെ സംരംഭകരെ കണ്ടെത്താനുള്ള സർവ്വേ നടപടി പുരോഗമിക്കുകയാണ്. കുടുംബശ്രീ പ്രവർത്തകർ, പ്രവാസികൾ, അഭ്യസ്തവിദ്യർ, വീട്ടമ്മമാർ, കർഷകർ, ഭിന്നശേഷിക്കാർ തുടങ്ങിയവരെയെല്ലാം പദ്ധതിക്ക് കീഴിൽ അണിനിരത്തും. വ്യവസായ വകുപ്പിൽ നിന്ന് അന്നമനട പഞ്ചായത്തിലേക്ക് ഒരു ഓഫീസറെ പ്രത്യേകമായി നിയമിച്ചു കഴിഞ്ഞു.

സംരംഭങ്ങൾ തുടങ്ങുന്നവർക്കായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. ഇതിനായി പഞ്ചായത്തിൽ സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. ആദ്യഘട്ടത്തിൽ വിവിധ വാർഡുകളിൽ സെമിനാർ സംഘടിപ്പിക്കും. ഈ മാസം 26 ന് നടക്കുന്ന പഞ്ചായത്ത് തലത്തിലുള്ള ശിൽപ്പശാലയിൽ വ്യവസായ മന്ത്രി പി. രാജീവ് പങ്കെടുക്കും.

സംരംഭകത്വം ഗ്രാമീണ മേഖലയിലേക്കും

ഓരോ മേഖലയിലും പ്രാവീണ്യം നേടിയവരെ തൊഴിൽ സംരംഭം തുടങ്ങാൻ സഹായിക്കും

52 ജെ.എൽ.ജി. ഗ്രൂപ്പുകളെ അഞ്ച് വർഷം കൊണ്ട് 500 ജെ.എൽ.ജി ഗ്രൂപ്പാക്കും.

മൂല്യവർദ്ധിത ഉൽപന്നങ്ങളിലൂടെ കാർഷികമേഖലയെ പുഷ്ടിപ്പെടുത്തും

അന്നമനടയുടെ പേരിൽ അരിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

സർക്കാർ ഏജൻസികളിൽ നിന്ന് സംരംഭകർക്ക് ആവശ്യമായ പരിശീലനവും സാമ്പത്തിക സഹായവും

ഉൽപന്നങ്ങൾ വിപണനം ചെയ്യാനായി പഞ്ചായത്തിനോട് ചേർന്ന് വിപണന കേന്ദ്രം


ചൈനീസ് മാതൃകയിൽ ഓരോ കുടുംബത്തിലും സംരംഭം തുടങ്ങുകയാണ് ലക്ഷ്യം. നേരിട്ട് തൊഴിൽ കൊടുക്കുന്നതിന് പകരം സംരംഭങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകും. പഞ്ചായത്തും വിവിധ വകുപ്പുകളും ഇതിനായി സഹായങ്ങൾ നൽകി ഏകോപിപ്പിക്കും.

പി.വി വിനോദ്

അന്നമനട പഞ്ചായത്ത് പ്രസിഡന്റ്.

Advertisement
Advertisement