പട്ടാപ്പകൽ കവർച്ച നടത്തിയ പഞ്ചലോഹ വി​ഗ്രഹം മലക്കറി സ്റ്റാൻഡിനടിയിൽ ഉപേക്ഷിച്ച നിലയിൽ

Tuesday 21 September 2021 12:00 AM IST

ചിറയിൻകീഴ്: പട്ടാപ്പകൽ മോഷണംപോയ പഞ്ചലോഹ വിഗ്രഹം ഉൾപ്പെടെയുള്ള വിഗ്രഹങ്ങൾ പച്ചക്കറിക്കടയിലെ മലക്കറി സ്റ്റാൻഡിനടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശാർക്കര മുളമൂട് തെക്കെ നെടുവേലി ദുർഗാദേവീ ക്ഷേത്രത്തിൽ ഞായറാഴ്ച വൈകിട്ട് 3.30നും 4.30നും ഇടയ്ക്കാണ് മോഷണം നടന്നത്. ശ്രീകോവിലിന്റെ വാതിൽ കുത്തിത്തുറന്നാണ് 150ലേറെ വർഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹവും സമീപത്തെ ഉപദേവതാ ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് യക്ഷി വിഗ്രഹവും കവർന്നത്. മൂന്ന് കാണിക്കവഞ്ചികൾ തകർത്ത് അതിൽ നിന്നുള്ള പണവും കവർന്നിട്ടുണ്ട്. വൈകിട്ട് ക്ഷേത്ര പരിസരം വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് മോഷണം നടന്നതായി മനസിലാക്കിയത്.

ക്ഷേത്ര കുടുംബാംഗങ്ങൾ സമീപത്ത് താമസിക്കുന്നുണ്ടെങ്കിലും കുടുംബത്തിലെ അംഗത്തിന്റെ മകന്റെ കല്യാണ റിസപ്ഷനുമായി ബന്ധപ്പെട്ട് ഇവർ തിരുവനന്തപുരത്തായിരുന്നു. ഒരാൾ ചാക്കുമായി പോകുന്നത് സമീപത്ത് താമസിക്കുന്നവർ കണ്ടെങ്കിലും ആക്രി സാധനങ്ങൾ ശേഖരിക്കുന്നവരാണെന്നാണ് കരുതിയത്. ചിറയിൻകീഴ് പൊലീസ് ഞായറാഴ്ച തന്നെ തെരച്ചിൽ ശക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപത്തെ പച്ചക്കറിക്കടക്കാരൻ കട തുറക്കാനെത്തിയപ്പോഴാണ് പച്ചക്കറി സ്റ്റാൻഡിനടിയിൽ ചാക്കുകെട്ട് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് വിഗ്രഹമാണെന്ന് മനസിലായത്. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. 1977ലും ഇവിടെ നിന്ന് ഈ പഞ്ചലോഹ വിഗ്രഹം മോഷണം പോയിരുന്നു. അന്ന് തൂത്തുക്കുടിയിൽ നിന്നാണ് വിഗ്രഹം കണ്ടെടുത്തത്. ഓരോ വിഗ്രഹത്തിനും അഞ്ചുകിലോയിലധികം തൂക്കമുണ്ട്. അന്വേഷണം ഊർജിതമാക്കിയെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷ് പറ‌ഞ്ഞു. എസ്.ഐ വിനീഷ്, എ.എസ്.ഐമാരായ നവാസ്, ശ്രീജിത്ത് എന്നിവർ സംഭവ സ്ഥലങ്ങൾ സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.

ഫോട്ടോ: ശാർക്കര മുളമൂട് തെക്കെനെടുവേലി ദുർഗാദേവീ ക്ഷേത്രത്തിലെ

വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് ഡോഗ് സക്വാഡ് എത്തിയപ്പോൾ

Advertisement
Advertisement