ഈറ്റത്തൊഴിലാളികളുടെ ജീവിതത്തിൽ അവഗണനയുടെ ചിതലരിക്കുന്നു

Tuesday 21 September 2021 2:14 AM IST

പാലോട്: കൊവിഡ് കാലത്ത് അധികൃതരും തിരിഞ്ഞുനോക്കാതായതോടെ ഈറ്റ ഉത്പന്നങ്ങൾ നിർമ്മിച്ചിരുന്ന പരമ്പരാഗത തൊഴിലാളികൾ പട്ടിണിയിൽ. അസംസ്കൃത വസ്തുവായ ഈറ്റ കിട്ടാനില്ലാത്തതും നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതുമാണ് ഇവരെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്.

നന്ദിയോട് കരിമ്പിൻകാല തടത്തരികത്ത് വീട്ടിൽ കൃഷ്ണൻകാണി ഒരു ഉദാഹരണം മാത്രമാണ്. എഴുപതുകാരനായ ഇദ്ദേഹത്തിന് വർഷങ്ങളായി ഈറ്റ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതാണ് ജോലി. വട്ടി, കുട്ട, മുറം, പായ തുടങ്ങിയവ നിർമ്മിച്ചുനൽകി ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹത്തിന് വലിയ തിരിച്ചടിയാണ് കൊവിഡ് കാലം സമ്മാനിച്ചത്. വിവാഹസദ്യ ഒരുക്കുന്ന സ്ഥലങ്ങളിലേക്കാണ് കൂടുതൽ ഉത്പന്നങ്ങളും ചെലവായിരുന്നത്. എന്നാൽ വിവാഹച്ചടങ്ങുകളിൽ ആൾക്കൂട്ടങ്ങൾ ഇല്ലാതായതോടെ സദ്യയുടെ അളവും അത് ഉണ്ടാക്കാനുപയോഗിക്കുന്ന ഈറ ഉത്പന്നങ്ങളുടെ ആവശ്യവും കുറഞ്ഞു. ഇതാണ് തൊഴിലാളികളെ വലയ്ക്കുന്നത്. ഇവരുടെ ഉത്പന്നങ്ങൾ ശേഖരിച്ച് വില്പന നടത്താൻ അധികൃതരും തയ്യാറാകാതായതോടെ വലിയ പ്രതിസന്ധിയാണ് തൊഴിലാളികൾ നേരിടുന്നത്.

വിലയും കിട്ടുന്നില്ല

പ്രാദേശിക മാർക്കറ്രിൽ 200 രൂപ മുതൽ 350 രൂപവരെ വിലയുണ്ടായിരുന്ന ഈറ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറുരൂപയിൽ താഴെയാണ് ലഭിക്കുന്നത്. കിട്ടുന്നത് മതി എന്ന് കരുതിയാലും ഇവ വിറ്റുപോകാത്തതിന്റെ പ്രതിസന്ധി വേറെ. വനാതിർത്തികളിലുള്ള ഈറ്റക്കാടുകൾ വെട്ടിമാറ്രപ്പെട്ടതിനാൽ ഇപ്പോൾ ഈറ ലഭിക്കാൻ ഉൾവനങ്ങളിലേക്കു പോകേണ്ട അവസ്ഥയാണ്. വലിയ ത്യാഗം സഹിച്ച് ഇങ്ങനെ ഈറ്റയെത്തിച്ചാലും വാങ്ങാൻ ആളില്ലെങ്കിൽ തങ്ങളുടെ ഉത്പന്നങ്ങൾ എന്തുചെയ്യുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്.

സഹായങ്ങളുമില്ല

നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് സർക്കാരിന്റെ ക്ഷേമനിധി അനുകൂല്യം ലഭിക്കുന്നതെന്നും പരാതിയുണ്ട്. ഇതുകാരണം ഭൂരിഭാഗം പേരും പട്ടിണിയിലാണ്. പലരും കുലത്തൊഴിൽ ഉപേക്ഷിച്ച് മറ്റ് ജോലികൾക്കു പോകേണ്ട അവസ്ഥയാണ്. കൊവിഡ് കാല അതിജീവനത്തിന് വഴികാണാതെ വലയുന്ന പാരമ്പര്യ തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കാനും വിലസ്ഥിരത ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.

സർക്കാർ ഈറ്റ എത്തുന്നില്ല

ഇടിഞ്ഞാർ, മങ്കയം മേഖലകളിൽ മാത്രം നിരവധി ഈറ്റ തൊഴിലാളികളാണുള്ളത്. ഇവർക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ബാംബു കോർപ്പറേഷനാണ് നേരത്തെ ഈറ്റ എത്തിച്ചിരുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ബാംബു കോർപറേഷന് തന്നെ കൈമാറമെന്നാണ് വ്യവസ്ഥ. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷമായി ഇവർക്ക് ഈറ്റ ലഭിക്കുന്നില്ല. ഇവരിൽ പലരും ഇപ്പോൾ ഉൾവനത്തിൽ നിന്നും ശേഖരിക്കുന്ന ഈറ്റ ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ ഇതിലൂടെ ഒരു ദിവസം 60 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.

"ഈറ്റ തൊഴിലാളികളിൽ ക്ഷേമനിധി അംഗങ്ങളായിട്ടുള്ളവർക്ക് സർക്കാർ ആനുകൂല്യം ലഭിക്കുന്നുണ്ട്. എന്നാൽ ഒന്നര വർഷത്തോളമായി ഈറ ലഭിക്കാത്തതാണ് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നത്."

സുദർശനൻ, പ്രസിഡന്റ്, ഈറ്റ തൊഴിലാളി യൂണിയൻ, ഇടിഞ്ഞാർ.

Advertisement
Advertisement